അഗ്‌നിവീർവായു റിക്രൂട്ട്മെന്റ് 2027; രജിസ്‌ട്രേഷൻ ആരംഭിച്ചു, അപേക്ഷിക്കേണ്ടത് എങ്ങനെ?

Advertisement

അഗ്‌നിപഥ് പദ്ധതിക്ക് കീഴിലെ അഗ്‌നിവീർവായു 2027 ആദ്യഘട്ട തിരഞ്ഞെടുപ്പിലേക്ക് അവിവാഹിതരായ പുരുഷ, സ്ത്രീ ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ എയർഫോഴ്‌സ് (IAF).

ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഈ റിക്രൂട്ട്മെന്റിലൂടെ യുവതീയുവാക്കൾക്ക് നാല് വർഷത്തേക്ക് എയർഫോഴ്‌സിൽ സേവനമനുഷ്ഠിക്കാൻ അവസരം ലഭിക്കും.

2026 ജനുവരി 12-ന് രാവിലെ 11 മണിക്കാണ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചത്. 2026 ഫെബ്രുവരി 1-ന് രാത്രി 11 മണിവരെയാണ് അപേക്ഷിക്കാൻ അവസരം. iafrecruitment.edcil.co.in എന്ന ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടൽ വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. ആദ്യഘട്ട ഓൺലൈൻ പരീക്ഷ 2026 മാർച്ച് 30നും 31നും നടക്കും.

പ്രായപരിധി
2006 ജനുവരി 1നും 2009 ജൂലൈ 1നും ഇടയിൽ ജനിച്ച ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷൻ സമയത്ത് പരമാവധി പ്രായപരിധി 21 വയസ്സാണ്. അവിവാഹിതരായ ഉദ്യോഗാർഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളൂ. കൂടാതെ നാല് വർഷ കാലയളവിൽ അവിവാഹിതരായി തുടരണമെന്ന നിബന്ധനയുണ്ട്.

വിദ്യാഭ്യാസ യോഗ്യതകൾ
സയൻസ് വിഭാഗത്തിൽ അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് കുറഞ്ഞത് 50% മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. ഇംഗ്ലീഷിൽ 50% മാർക്കും നേടിയിരിക്കണം. എൻജിനിയറിങ്ങിൽ ഡിപ്ലോമയുള്ളവർക്കും അനുബന്ധ തൊഴിലധിഷ്ഠിത യോഗ്യതകളുള്ളവർക്കും അപേക്ഷിക്കാം. സയൻസ് ഇതരവിഭാഗത്തിലുള്ള അപേക്ഷകരും അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയെഴുതിയവരും ഇതേ ശതമാനം മാർക്കോടെ പ്ലസ് ടു പാസായവരും ആയിരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ
മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നത്. ആദ്യം ഓൺലൈൻ ഒബ്ജക്റ്റീവ് ടെസ്റ്റ്, തുടർന്ന് ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റുകൾ, അഡാപ്റ്റബിലിറ്റി ടെസ്റ്റുകൾ, ശേഷം മെഡിക്കൽ പരിശോധന എന്നിവ നടത്തും. ഓൺലൈൻ ടെസ്റ്റിൽ നേടിയ നോർമലൈസ്ഡ് മാർക്കുകൾ അടിസ്ഥാനമാക്കി അടുത്ത ഘട്ടങ്ങളിലേക്കുള്ള ഷോർട്ട് ലിസ്റ്റിങ് സംസ്ഥാനം തിരിച്ചായിരിക്കും നടത്തുക.

ശമ്പളം
തിരഞ്ഞെടുക്കപ്പെട്ട അഗ്‌നിവീർവായു ഉദ്യോഗാർത്ഥികൾക്ക് വാർഷിക വർധനവോടെ, പ്രതിമാസം 30,000 രൂപ ശമ്പളം ലഭിക്കും. നാല് വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷം ഏകദേശം 10.04 ലക്ഷം രൂപയുടെ സേവ നിധി പാക്കേജ് ലഭിക്കും.

ഇടനിലക്കാർക്കെതിരെ ജാഗ്രത പാലിക്കാൻ ഐഎഎഫ് ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിക്രൂട്ട്മെന്റ് പ്രക്രിയ പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലുള്ളതും സുതാര്യവുമാണെന്നും ഐഎഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here