സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 2026 റിക്രൂട്‌മെന്റിന്റെ ഭാഗമായി വിവിധ സേനാവിഭാഗങ്ങളിലെ 25,487 ജനറല്‍ ഡ്യൂട്ടി കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സസ്, സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് എന്നീ വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കും അസം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.
എല്ലാ തസ്തികകള്‍ക്കും പേ സ്‌കെയില്‍ ലെവല്‍- 3 പ്രകാരം 21,700 രൂപ മുതല്‍ 69,100 രൂപ ശമ്പളം ലഭിക്കും. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ssc.gov.in വഴി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന നടപടിയുമായി ബന്ധപ്പെട്ട പരീക്ഷ 2026 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയില്‍ നടക്കാനാണ് സാധ്യത.
ആകെയുള്ള ഒഴിവുകളില്‍ 23,467 എണ്ണം പുരുഷന്മാര്‍ക്കും ബാക്കിയുള്ള 2,020 എണ്ണം സ്ത്രീകള്‍ക്കുമാണ്. മറ്റ് വിഭാഗങ്ങള്‍ക്ക് സംവരണാടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണവും അറിയിപ്പില്‍ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (CISF), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (CRPF), സശസ്ത്ര സീമാ ബല്‍ (SSB), ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP), അസം റൈഫിള്‍സ് (AR), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF) എന്നിവിടങ്ങളില്‍ നിയമനം നല്‍കും.
പ്രധാന തീയതികള്‍
2025 ഡിസംബര്‍ 31 രാത്രി 11 മണി വരെ അപേക്ഷിക്കാം. ഫീസ് അടയ്ക്കാനുള്ള സൗകര്യം 2026 ജനുവരി ഒന്നിന് അവസാനിക്കും. അപേക്ഷാ ഫോമുമായി ബന്ധപ്പെട്ട് തിരുത്തലുകള്‍ വരുത്താന്‍ ജനുവരി എട്ട് മുതല്‍ ജനുവരി പത്ത് വരെ അവസരമുണ്ട്.
ആദ്യമായി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം.
അതിനുശേഷം രജിസ്‌ട്രേഷന്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ജിഡി കോണ്‍സ്റ്റബിള്‍ റിക്രൂട്‌മെന്റ് ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
അപേക്ഷാഫീസായ 100 രൂപ അടച്ച് ഫോം സബ്മിറ്റ് ചെയ്യുക
18-നും 23-നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ പ്രായപരിധിയില്‍ ഇളവ് ലഭിക്കും. അതേസമയം വിമുക്തഭടന്‍, ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ഇളവിന് അര്‍ഹതയുണ്ട്.































