സയന്റിസ്റ്റ്/എന്‍ജിനീയര്‍, റേഡിയോഗ്രാഫര്‍, അറ്റ്‌മോസ്‌ഫെറിക് സയന്‍സ്/മെറ്റീരിയോളജി, ടെക്നീഷ്യന്‍ തുടങ്ങിയ 100-ല്‍ അധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐഎസ്ആര്‍ഒ.

Advertisement

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് isro.gov.in അല്ലെങ്കില്‍ shar.gov.in എന്നീ ഔദ്യോഗിക സര്‍ക്കാര്‍ വെബ്സൈറ്റുകളിലെ അപേക്ഷാ ഫോം പൂരിപ്പിച്ച് 2025 നവംബര്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാം. സയന്റിസ്റ്റ്/എന്‍ജിനീയര്‍ തസ്തികകള്‍ക്ക് 56,100 രൂപ മുതല്‍ 1,77,500 രൂപ (ലെവല്‍ 10)വരെയാണ് ശമ്പളം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ സ്പേസ്പോര്‍ട്ടായ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിയമനം നല്‍കും.

ടെക്നീഷ്യന്‍, ഡ്രാഫ്റ്റ്സ്മാന്‍, നഴ്‌സ്, ലൈബ്രറി അസിസ്റ്റന്റ് എന്നിവയാണ് ഒഴിവുള്ള മറ്റ് തസ്തികകള്‍. ടെക്നീഷ്യന്‍, ഡ്രാഫ്റ്റ്സ്മാന്‍ തസ്തികകള്‍ക്ക് 21,700 രൂപ മുതല്‍ 69,100 രൂപ വരെയാണ് ശമ്പളം.

ഓരോ തസ്തികയിലും സംവരണമില്ലാത്ത വിഭാഗം (UR), ഭിന്നശേഷിക്കാര്‍ (PwBD), മറ്റ് പിന്നാക്ക വിഭാഗക്കാര്‍ (OBC), പട്ടികജാതി (SC), പട്ടികവര്‍ഗം (ST), സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ (EWS), വിമുക്തഭടന്മാര്‍ എന്നിവര്‍ക്കായി ഒഴിവുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

പ്രായപരിധി, അപേക്ഷാ ഫീസ്
കുറഞ്ഞ പ്രായപരിധി 18 വയസ്സ്. ഉയര്‍ന്ന പ്രായപരിധി ഓരോ തസ്തികയ്ക്കും വ്യത്യസ്തമായിരിക്കും. അപേക്ഷകര്‍ 750 രൂപ പ്രോസസ്സിങ് ഫീസായി അടയ്ക്കണം.

എഴുത്തുപരീക്ഷയുടെ സമയത്ത് സ്ത്രീകള്‍, SC/ST/PwBD വിഭാഗക്കാര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഈ ഫീസ് മുഴുവനായും തിരികെ നല്‍കും. മറ്റ് അപേക്ഷകര്‍ക്ക് 500 രൂപ തിരികെ നല്‍കുന്നതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ
സയന്റിസ്റ്റ്/എന്‍ജിനീയര്‍ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് 50 ശതമാനം വീതം മാര്‍ക്കുള്ള എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. അതേസമയം, ടെക്നിക്കല്‍ അസിസ്റ്റന്റ്/സയന്റിഫിക് അസിസ്റ്റന്റ്/ലൈബ്രറി അസിസ്റ്റന്റ് ‘എ’/ടെക്നീഷ്യന്‍ -ബി/ഡ്രാഫ്റ്റ്സ്മാന്‍-ബി തസ്തികകളില്‍ അഭിമുഖത്തിന് പകരം സ്‌കില്‍ ടെസ്റ്റായിരിക്കും നടത്തുക.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് എഴുത്തുപരീക്ഷ, അഭിമുഖം, അല്ലെങ്കില്‍ സ്‌കില്‍ ടെസ്റ്റ് എന്നിവയെക്കുറിച്ചുള്ള അറിയിപ്പുകള്‍ അവരുടെ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വിലാസത്തില്‍ മാത്രമായിരിക്കും ലഭിക്കുക.

Advertisement