ആഭ്യന്തര മന്ത്രാലയത്തിന് (MHA) കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB), 394 ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-II/ടെക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 23 മുതൽ ഔദ്യോഗിക ആപ്ലിക്കേഷൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 14 (രാത്രി 11:59) ആണ്.
ജൂനിയർ ഇന്റലിജൻസ് ഓഫീസർ-II തസ്തികയ്ക്ക് 25,500 രൂപ മുതൽ 81,100 രൂപ വരെ (ലെവൽ 4) ശമ്പളവും കേന്ദ്ര സർക്കാർ അലവൻസുകളും ലഭിക്കും. ആകെ 394 ഒഴിവുകളിൽ 157 എണ്ണം സംവരണം ചെയ്യാത്ത വിഭാഗത്തിനും (UR), 32 എണ്ണം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും (EWS), 117 എണ്ണം മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും (OBC), 60 എണ്ണം പട്ടികജാതിക്കും (SC), 28 എണ്ണം പട്ടികവർഗത്തിനും (ST) ആണ്.
എങ്ങനെ അപേക്ഷിക്കാം?
ജൂനിയർ ഇന്റലിജൻസ് റിക്രൂട്ട്മെന്റിനായുള്ള ഔദ്യോഗിക വെബ്സൈറ്റ് ലിങ്കായ “IB JIO Grade/ Tech 2025 Recruitment Link” സന്ദർശിക്കുക.
“To Register” എന്നതിൽ ക്ലിക്ക് ചെയ്യുക.
വ്യക്തിഗത വിവരങ്ങളും മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപിയും നൽകുക.
ഇതോടെ തസ്തികയിലേക്ക് രജിസ്റ്റർ ചെയ്യപ്പെടും.
പൂരിപ്പിച്ച അപേക്ഷാ ഫോം ഭാവിയിലെ ആവശ്യങ്ങൾക്കായി പ്രിൻ്റ് എടുക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യുക.
യോഗ്യതാ മാനദണ്ഡങ്ങൾ
ഉദ്യോഗാർഥികൾക്ക് 18 നും 27 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമങ്ങൾ അനുസരിച്ച് SC, ST, OBC, വിമുക്തഭടന്മാർ, മറ്റ് വിഭാഗങ്ങൾ എന്നിവർക്ക് 5 വർഷം വരെ പ്രായപരിധിയിൽ ഇളവ് ലഭിക്കും.
സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, അല്ലെങ്കിൽ മാത്തമാറ്റിക്സ് എന്നിവയിലുള്ള സയൻസ് ബിരുദം, അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം ഉണ്ടായിരിക്കണം. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം.
ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഐബി ജൂനിയർ ഓഫീസർ തസ്തിക ഭിന്നശേഷിക്കാർക്ക് (PwBD) അനുയോജ്യമല്ല, അതിനാൽ അത്തരം ഉദ്യോഗാർഥികൾ യോഗ്യരല്ല.
പരീക്ഷാ രീതി
തിരഞ്ഞെടുപ്പ് പ്രക്രിയ മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക – ടയർ I, ടയർ II, ടയർ III.
ടയർ I, 100 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള ഓൺലൈൻ പരീക്ഷയായിരിക്കും. 2 മണിക്കൂറാണ് പരീക്ഷാ സമയം. ഇതിൽ 75 ശതമാനം ചോദ്യങ്ങൾ ഉദ്യോഗാർഥി പഠിച്ച വിഷയത്തിൽ നിന്നും 25 ശതമാനം ചോദ്യങ്ങൾ പൊതുവായ മാനസിക ശേഷി പരിശോധിക്കുന്നതിനുമുള്ളതായിരിക്കും.
ടയർ I-ൽ യോഗ്യത നേടുന്നവർക്ക് ടയർ II-ൽ പങ്കെടുക്കാം. ഇത് 30 മാർക്കിന്റെ പ്രായോഗിക പരീക്ഷയോ അല്ലെങ്കിൽ സ്കിൽ ടെസ്റ്റോ ആയിരിക്കും.
അവസാന ഘട്ടം വ്യക്തിത്വ പരിശോധനയായ ടയർ III ആയിരിക്കും.
































