ഒന്നരലക്ഷത്തോളം ശമ്പളം, വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി

Advertisement

ലക്ചറർ, പബ്ലിക് പ്രോസിക്യൂട്ടർ തസ്തികകളിലെ 84 ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ upsconline.gov.in വഴി അപേക്ഷിക്കാം. സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം.

ലക്ചറർ തസ്തികയ്ക്ക് കുറഞ്ഞത് 52,700 രൂപയും പരമാവധി 1,66,700 രൂപ വരെയുമാണ് ശമ്പളം. പബ്ലിക് പ്രോസിക്യൂട്ടർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികകളിലെ ശമ്പള സ്‌കെയിൽ യഥാക്രമം 56,100-1,77,500 രൂപയും 44,900-1,42,400 രൂപയുമാണ്.

ബോട്ടണി, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ഹോം സയൻസ്, ഫിസിക്‌സ്, സൈക്കോളജി, സോഷ്യോളജി, സുവോളജി തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ലക്ചറർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിബിഐ- സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലാണ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനം.

എങ്ങനെ അപേക്ഷിക്കാം?

‘ഓൺലൈൻ റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷൻ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന്, നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ലക്ചറർ അല്ലെങ്കിൽ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ ഒഴിവുകൾക്ക് നേരെയുള്ള ‘അപ്ലൈ നൗ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
‘നെക്സ്റ്റ്’ എന്നതിലും തുടർന്ന് ‘പ്രൊസീഡ്’ എന്നതിലും ക്ലിക്ക് ചെയ്യുക.
ആദ്യമായി രജിസ്റ്റർ ചെയ്യുകയാണെങ്കിൽ, ‘ന്യൂ രജിസ്‌ട്രേഷൻ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പേര്, അച്ഛന്റെ പേര്, ഇമെയിൽ ഐഡി, ഫോൺ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നൽകുക.
‘സേവ് ആൻഡ് കണ്ടിന്യൂ’ എന്നതിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ തസ്തികയിലേക്ക് വിജയകരമായി രജിസ്റ്റർ ചെയ്യപ്പെടും.
ഒഴിവുകളുടെ വിശദാംശങ്ങൾ
ആകെ 84 തസ്തികകളിൽ 19 എണ്ണം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർക്കും 25 എണ്ണം പബ്ലിക് പ്രോസിക്യൂട്ടർക്കുമാണ്.

ലക്ചറർ തസ്തികയിലെ ഒഴിവുകൾ:

ലക്ചറർ (ബോട്ടണി) 8,
ലക്ചറർ (കെമിസ്ട്രി) 8
ലക്ചറർ (ഇക്കണോമിക്‌സ്): 2
ലക്ചറർ (ഹിസ്റ്ററി): 3
ലക്ചറർ (ഹോം സയൻസ്): 1
ലക്ചറർ (ഫിസിക്‌സ്): 6
ലക്ചറർ (സൈക്കോളജി): 1
ലക്ചറർ (സോഷ്യോളജി): 3
ലക്ചറർ (സുവോളജി): 8.
ലക്ചറർ തസ്തികയ്ക്കുള്ള യോഗ്യത

ലക്ചറർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് അതത് വിഷയങ്ങളിൽ (ബോട്ടണി, ഫിസിക്‌സ് തുടങ്ങിയവ) ബിരുദാനന്തര ബിരുദവും ബാച്ചിലർ ഓഫ് എജ്യുക്കേഷൻ (ബി.എഡ്) ബിരുദവും ഉണ്ടായിരിക്കണം. 45 വയസ്സിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല, എന്നാൽ സംവരണ വിഭാഗങ്ങൾക്കനുസരിച്ച് ഇളവുകൾ ലഭിച്ചേക്കാം.

പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയ്ക്കുള്ള യോഗ്യത

പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദവും, ക്രിമിനൽ കേസുകൾ നടത്തി ബാറിൽ 7 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അസിസ്റ്റന്റ് തസ്തികകൾക്ക് പ്രവൃത്തിപരിചയം ആവശ്യമില്ല. ഉദ്യോഗാർത്ഥികൾക്ക് 30 വയസ്സ് കവിയരുത്.

പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ ഡൽഹിയിലെ സിബിഐ ആസ്ഥാനത്തായിരിക്കും ജോലി ചെയ്യേണ്ടത്. കൂടാതെ എവിടെയും സേവനമനുഷ്ഠിക്കാൻ ബാധ്യസ്ഥരുമാണ്. ലക്ചറർ തസ്തികകൾ ലഡാക്ക് മേഖലയ്ക്ക് മാത്രമുള്ളതാണ്.

Advertisement