ഭെൽ (ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് – BHEL) ഇന്ത്യയിലെ വിവിധ ഉത്പാദന യൂണിറ്റുകളിലായി 515 ആർട്ടിസാൻ ഗ്രേഡ്- IV തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഔദ്യോഗിക വെബ്‌സൈറ്റായ bhel.com സന്ദർശിച്ച് തസ്തികയിലേക്ക് അപേക്ഷിക്കാം.
പ്രധാന തീയതികൾ ഏതെല്ലാം?
ഓൺലൈൻ അപേക്ഷാ പ്രക്രിയ 2025 ജൂലായ് 16 രാവിലെ 10 മണിക്ക് ആരംഭിച്ച് 2025 ഓഗസ്റ്റ് 12 രാത്രി 11:45ന് അവസാനിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2025 സെപ്റ്റംബർ പകുതിയോടെ നടത്താനാണ് സാധ്യത. അഡ്മിറ്റ് കാർഡ് തീയതികളും പരീക്ഷാ സമയക്രമവും പിന്നീട് ഔദ്യോഗിക വെബ്‌സൈറ്റിൽ അറിയിക്കും.
ഒഴിവുകൾ
തമിഴ്‌നാട്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക, തെലങ്കാന, ഉത്തരാഖണ്ഡ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ ബിഎച്ച്ഇഎൽ ഉത്പാദന യൂണിറ്റുകളിലാണ് ഒഴിവുകൾ. അപേക്ഷകർക്ക് ഒരു യൂണിറ്റും ഒരു ട്രേഡും മാത്രമേ തിരഞ്ഞെടുക്കാൻ സാധിക്കൂ. പരീക്ഷ എല്ലാവർക്കും ഒരേ ദിവസം തന്നെയായിരിക്കും.
തസ്തികകൾ
ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഫൗണ്ടറിമാൻ തുടങ്ങി നിരവധി വിദഗ്ദ്ധ ട്രേഡുകളിലേക്കാണ് നിയമനം. ഫിറ്റർ, മെഷിനിസ്റ്റ്, വെൽഡർ ട്രേഡുകൾക്കാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത്. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐ/നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും (എൻടിസി) നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റും (എൻഎസി) പാസായിരിക്കണം.
ജനറൽ, ഒബിസി വിഭാഗക്കാർക്ക് എൻടിസിയിലും എൻഎസിയിലും കുറഞ്ഞത് 60% മാർക്ക് വേണം. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് കുറഞ്ഞത് 55% മാർക്ക് മതി. ജനറൽ, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് പരമാവധി 27 വയസ്സാണ് പ്രായപരിധി. ഒബിസി (നോൺ-ക്രീമിലെയർ) വിഭാഗക്കാർക്ക് 30 വയസ്സും എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 32 വയസ്സുമാണ് പരിധി. സർക്കാർ നിയമപ്രകാരം പിഡബ്ല്യുഡി, വിമുക്ത ഭടന്മാർ, പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് അധിക ഇളവ് ലഭിക്കും.
ശമ്പളം എത്രയായിരിക്കും?
തുടക്കത്തിൽ, തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഒരു വർഷത്തേക്ക് താൽക്കാലിക ജീവനക്കാരായി നിയമിക്കുകയും അവരുടെ യൂണിറ്റിലെ ബാധകമായ മിനിമം വേതനം നൽകുകയും ചെയ്യും. ഒരു വർഷം വിജയകരമായി പൂർത്തിയാക്കിയ ശേഷം, അവരെ ആർട്ടിസാൻ ഗ്രേഡ്- IV ആയി സ്ഥിരപ്പെടുത്തുകയും സ്റ്റാൻഡേർഡ് അലവൻസുകൾ സഹിതം 29,500 രൂപ മുതൽ 65,000 രൂപ വരെ ശമ്പള സ്‌കെയിലിൽ ഉൾപ്പെടുത്തുകയും ചെയ്യും. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 1072 രൂപയാണ്. എസ്‌സി, എസ്ടി, പിഡബ്ല്യുഡി, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസ് 472 രൂപയാണ്.
വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാം: https://www.bhel.com/