ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പള്ളിച്ചട്ടമ്പിയുടെ ടീസര്‍ പുറത്ത്. ആദ്യം ഏപ്രില്‍ ഒമ്പതിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഏപ്രില്‍ 10ന് തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായതിനാലാണ് ഏപ്രില്‍ ഒമ്പതില്‍ നിന്ന് റിലീസ് മാറ്റിയത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ വലിയ രീതിയിലുള്ള പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉയരുന്നത്. ഗംഭീര മേക്കിങില്‍ എത്തുന്ന ചിത്രം നിരാശയാകില്ല എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പള്ളിച്ചട്ടമ്പി 1950കളുടെ അവസാനത്തില്‍ കേരളത്തിലെ ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷക സമൂഹങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്. തമിഴ് ചിത്രമായ ഡ്രാഗണിലെ അഭിനയത്തിലൂടെ പ്രശസ്തയായ കയാദു ലോഹറാണ് ചിത്രത്തിലെ നായിക. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് കയാദു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പള്ളിച്ചട്ടമ്പിക്ക് പുറമേ, ദുല്‍ഖര്‍ സല്‍മാന്റെ ഐ ആം ഗെയിമിലും താരം അഭിനയിക്കുന്നുണ്ട്. വിജയരാഘവന്‍, ജോണി ആന്റണി, സുധീര്‍ കരമന, ടി.ജി രവി, ശ്രീജിത്ത് രവി, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരും അഭിനയിക്കുന്നു.
ദാദാ സാഹിബ്, ശിക്കാര്‍, ഒരുത്തീ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പേരുകേട്ട എസ്. സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ടിജോ ടോമി, എഡിറ്റര്‍ ശ്രീജിത്ത് സാരംഗും സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയും ആണ്. വേള്‍ഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രദേഴ്‌സ് എന്നിവയുടെ ബാനറുകളില്‍ നൗഫല്‍, ബ്രിജീഷ്, സിസിസി ബ്രദേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.





























