കൊച്ചി: മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘ഉദയനാണ് താരം’. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ 20 വര്‍ഷത്തിന് ശേഷം ചിത്രം വീണ്ടും തീയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രം ഫെബ്രുവരി ആറിന് റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. വൈറല്‍ ലുക്കിലാണ് താരം റിലീസ് തീയതി പ്രഖ്യാപിച്ചത്. 4K ദൃശ്യമികവിലാണ് ‘ഉദയനാണ് താരം’ രണ്ടാം വരവിന് ഒരുങ്ങുന്നത്.
മോഹന്‍ലാലിന്റെ ഉദയഭാനുവിനും ശ്രീനിവാസന്റെ രാജപ്പന്‍ എന്ന സരോജ് കുമാറിനും ഇന്നും ആരാധകര്‍ ഏറെയാണ്. പച്ചാളം ഭാസിയായി ജഗതി ശ്രീകുമാറും തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചത്. മീനയാണ് സിനിമയിലെ നായിക. മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരാണ് ‘ഉദയനാണ് താര’ത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍ കഥയും തിരക്കഥയും ഒരുക്കിയ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി കരുണാകരനാണ് നിര്‍മിച്ചത്. സിനിമയിലെ ദീപക് ദേവ് ഒരുക്കിയ പാട്ടുകള്‍ എല്ലാം ഹിറ്റുകളായിരുന്നു. കൈതപ്രം ആയിരുന്നു ഗാനരചന. പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിര്‍വഹിച്ചു.




























