വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് സണ്ണി ഡിയോൾ വെള്ളിത്തിരയിൽ മടങ്ങിയെത്തിയപ്പോൾ ആരാധകർ അത് ആഘോഷമാക്കി മാറ്റി. ജനുവരി 23 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ‘ബോർഡർ 2’ ആദ്യദിനം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 30 കോടി രൂപയുടെ നെറ്റ് കളക്ഷനാണ്. ഇതോടെ ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് നേടുന്ന ചിത്രങ്ങളിൽ ഒന്നായി ‘ബോർഡർ 2’ മാറി.
സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായ രൺവീർ സിംഗിന്റെ ധുരന്ധറിനെ തറപ്പറ്റിച്ചാണ് ബോർഡർ 2 മുന്നേറുന്നത്. വെള്ളിയാഴ്ച ധുരന്ധർ വെറും 50 ലക്ഷം രൂപയിലേക്ക് ഒതുങ്ങിയപ്പോൾ, സണ്ണി ഡിയോൾ ചിത്രം 30 കോടിയുമായി കുതിച്ചു. സണ്ണി ഡിയോളിന്റെ തന്നെ ‘ഗദർ 2’ റെക്കോർഡ് (ആദ്യദിനം ₹40.1 കോടി) മറികടക്കാൻ ചിത്രത്തിനായില്ല. നിലവിൽ എക്കാലത്തെയും വലിയ ഓപ്പണിംഗ് കളക്ഷൻ നേടിയ ബോളിവുഡ് ചിത്രങ്ങളുടെ പട്ടികയിൽ 28-ാം സ്ഥാനത്താണ് ‘ബോർഡർ 2’.
അനുരാഗ് സിംഗ് സംവിധാനം ചെയ്ത ഈ ചിത്രം 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. വരുൺ ധവാൻ, ദിൽജിത് ദോസഞ്ജ്, അഹാൻ ഷെട്ടി എന്നിവരും സണ്ണിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു. റിപ്പബ്ലിക് ദിനം പ്രമാണിച്ചുള്ള നീണ്ട അവധി ദിവസങ്ങൾ വരുന്നതോടെ ചിത്രം 100 കോടി ക്ലബ്ബിൽ അനായാസം ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.




























