നടി മീര വാസുദേവ് വിവാഹ മോചിതയായി

Advertisement

മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി മീര വാസുദേവ് വിവാഹ മോചിതയായി. സോഷ്യല്‍ മീഡിയയിലൂടെ മീര തന്നെയാണ് താന്‍ വിവാഹ മോചിതയായ കാര്യം അറിയിച്ചത്. ക്യാമറാമാന്‍ വിപിന്‍ പുതിയങ്കമായിരുന്നു മീരയുടെ ഭര്‍ത്താവ്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിള്‍ ആണെന്നാണ് മീര വാസുദേവ് അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് വിപിനും മീരയും വിവാഹിതരാകുന്നത്.

”ഞാന്‍, നടി മീര വാസുദേവ്, 2025 ഓഗസ്റ്റ് മുതല്‍ സിംഗിള്‍ ആണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ജീവിതത്തിന്റെ ഏറ്റവും സമാധാനപൂര്‍ണവും മനോഹരവുമായ ഘട്ടത്തിലാണ് ഞാനിപ്പോള്‍” എന്നാണ് മീര വാസുദേവിന്റെ കുറിപ്പ്. വിവാഹ മോചനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും വിപിനുമൊപ്പമുള്ള ചിത്രങ്ങളെല്ലാം മീര പിന്‍വലിച്ചിട്ടുണ്ട്.
മീരയുടെ മൂന്നാം വിവാഹമായിരുന്നു വിപിനുമായുള്ളത്. പോയ വര്‍ഷം മെയ് മാസമായിരുന്നു വിവാഹം. ജനപ്രീയ പരമ്പരയായ കുടുംബവിളക്കിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതും. കുടുംബവിളക്കിന്റെ ക്യാമറാമാനായിരുന്നു വിപിന്‍. പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

ബോളിവുഡിലടക്കം സാന്നിധ്യം അറിയിച്ചിട്ടുള്ള മീര നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലെത്തുന്നത്. പരമ്പര വന്‍ വിജയമായി മാറിയതോടെ മീര താരമായി മാറുകയായിരുന്നു. അഭിനയ ജീവിതത്തില്‍ 25 വര്‍ഷം പിന്നിട്ടത് ഈയ്യടുത്താണ് മീര ആഘോഷിച്ചത്.

Advertisement