റെട്രോ ഡിസൈന്‍ അതേപടി നിലനിര്‍ത്തി പെട്രോള്‍ പതിപ്പിന് പകരം ഇലക്ട്രിക് വകഭേദവുമായി വിപണിയില്‍ എത്തിയ കൈനറ്റിക് ഇ.വിയുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും തരംഗമാകുന്നു. 80-90 കാലഘട്ടങ്ങളില്‍ വിപണിയില്‍ ഓളം സൃഷ്ട്ടിച്ച കൈനറ്റിക് മികച്ച ഡിസൈനോടെയും കിടിലന്‍ റേഞ്ചുമായാണ് നിരത്തുകളില്‍ എത്തുന്നത്.
പരിഷ്‌ക്കരിച്ചെത്തിയ കൈനറ്റിക് ഇ.വി, DX ആന്‍ഡ് DX+ എന്നീ രണ്ട് വേരിയന്റുകളില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഇരു വകഭേദങ്ങളിലുമായി 2.6 kWhന്റെ ലിഥിയം അയോണ്‍ (ഫെറോ) ഫോസ്ഫേറ്റ് (എല്‍.എഫ്.പി) ബാറ്ററിയാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഈ ബാറ്ററി ഏകദേശം 116 കിലോമീറ്റര്‍ റിയല്‍ വേള്‍ഡ് റേഞ്ച് ലഭിക്കുന്നു. എന്നാല്‍ ‘ക്രൂയിസ് ലോക്ക്’ ഉപയോഗിച്ച് 25-30 km/h വേഗത പരിപാലിച്ച് യാത്ര ചെയ്യുകയാണെങ്കില്‍ 150 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 0-80% വരെ ചാര്‍ജ് ചെയ്യാന്‍ മൂന്ന് മണിക്കൂറും ഫുള്‍ ചാര്‍ജിങിന് നാല് മണിക്കൂറും മാത്രമെടുക്കുന്ന കൈനറ്റിക്കിന്റെ ഏറ്റവും ഉയര്‍ന്ന വേഗത പരിധി 90 km/h ആണ്.
ഇലക്ട്രിക് പതിപ്പില്‍ ലഭിക്കുന്ന 37 ലിറ്റര്‍ ബൂട്‌സ്‌പേസ് സജ്ജീകരണത്തില്‍ ഫുള്‍ സൈസ് ഹെല്‍മെറ്റും ഹാഫ് സൈസ് ഹെല്‍മെറ്റും സൂക്ഷിക്കാന്‍ കഴിയും. കൂടാതെ ജിയോ ടെലികോം നെറ്റ് വര്‍ക്കുമായി ജോടിയിണക്കി ജിയോ തിങ്ക്‌സ്, വോയിസ് അസിസ്റ്റന്റ് കണ്ട്രോള്‍, ജിയോ-ഫെന്‍സിങ്, ഒ.ടി.എ അപ്‌ഡേറ്റുകള്‍ എന്നിവയും വേരിയന്റുകള്‍ക്ക് ലഭിക്കുന്നുണ്ട്. പൂര്‍ണമായും പാസ് വേര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കീപാഡ് സിസ്റ്റം പരമ്പരാഗത രീതികളെ മാറ്റി മറിക്കുന്നു.
ഇലക്ട്രിക് സ്‌കൂട്ടര്‍ മേഖലയില്‍ ടി.വി.എസ് ഐക്യൂബ്, ബജാജ് ചേതക്, ഏഥര്‍ റിസ്ത മുതലായ സ്‌കൂട്ടറുകളോട് നേരിട്ട് മത്സരിക്കുന്ന കൈനറ്റിക് ഇ.വി യുടെ DX സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1.11 ലക്ഷം രൂപ എക്‌സ് ഷോറൂം വില വരുമ്പോള്‍ DX പ്ലസ് വേരിയന്റിന് 1.17 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഹില്‍-ഹോള്‍ഡ് അസിസ്റ്റ് കണ്ട്രോള്‍, റിവേഴ്സ് അസിസ്റ്റ്, മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കുള്ള കോമ്പി-ബ്രേക്കിങ് സിസ്റ്റം എന്നിവ ഇ.വി കൈനറ്റിക്കിന്റെ പ്രത്യേകതകളാണ്. കൂടാതെ ബാറ്ററിക്കും മോട്ടോറിനും IP67 വാട്ടര്‍പ്രൂഫ് റേറ്റിങ്ങും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.





























