കുന്നത്തൂർ:കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് മാതാപിതാക്കൾ.കൊല്ലം കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ
ക്ഷേത്രത്തിനു സമീപം സോപാനം വീട്ടിൽ അടൂർ മണക്കാല ഗവ.പോളിടെക്നിക് കോളേജ് വിദ്യാർത്ഥി ഹരികൃഷ്ണൻ (18) കഴിഞ്ഞ രാത്രിയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങിയത്.
മാതാപിതാക്കളായ ജയസേനനും രജനിയും മറ്റ് ബന്ധുക്കളുമാണ് തീരാവേദനയ്ക്കിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്.കരൾ,വൃക്ക,ഹൃദയം എന്നിവ ദാനം ചെയ്യാനാണ് തീരുമാനം.അപൂർവ്വമായ എ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പിൽപ്പെട്ടയാളാണ് മരണപ്പെട്ട ഹരികൃഷ്ണൻ.എന്നാൽ ഹരികൃഷ്ണൻ്റെ മരണം കൊലപാതകം ആയതിനാൽ മാതപിതാക്കളുടെ തീരുമാനത്തെ പോലീസ് എതിർത്തതായാണ് അറിയുന്നത്.തുടർ അന്വേഷണവുമായി ബന്ധപ്പെട്ട് ഭാവിയിൽ ആന്തരികാവയവങ്ങളുടെ പരിശോധന വേണ്ടി വന്നാൽ,അവയവങ്ങൾ ദാനം ചെയ്യുന്നത് പ്രതികൂലമായി ബാധിക്കുമെന്ന നിലപാടിലാണ്
പോലീസ്.മാതാപിതാക്കൾക്ക് സ്വന്തം നിലയിൽ തീരുമാനം എടുക്കാമെന്നും പ
പോലീസ് അറിയിച്ചിട്ടുണ്ട്.
അതിനിടെ തലയ്ക്കേറ്റ ക്ഷതമാണ് മസ്തിഷ്ക മരണത്തിന് ഇടയാക്കിയതെന്നും ഇതിനാൽ മറ്റ് അവയവങ്ങൾ ദാനം ചെയ്യുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊലപാതകത്തെ തുടർന്ന് മരിച്ചയാളുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തയ്യാറാകുന്നത് ഇതാദ്യമാണ്.ഇതിനാൽ വളരെ പെട്ടന്നു തന്നെ അടിയന്തിര മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുത്ത ശേഷം റിപ്പോർട്ട് അധികൃതർക്കും പോലീസിനും കൈമാറും.ഞായറാഴ്ച വൈകിട്ട് കൊല്ലം ശക്തികുളങ്ങര മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്.ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.
വീടിനു സമീപമുള്ള കുന്നത്തൂർ ഐവർകാല മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷമാണ് ഇവർ മരുത്തടിയിൽ എത്തിയത്.ഉത്സവത്തിൻ്റെ ഭാഗമായുള്ള തിരുഭാവരണ ഘോഷയാത്രയ്ക്കിടെ മദ്യപിച്ച് എത്തിയ ചിലർ യാതൊരു പ്രകോപനവുമില്ലാതെ ഹരികൃഷ്ണനെ അസഭ്യം വിളിച്ച് കൊണ്ട് കയ്യേറ്റം ചെയ്തു.ഇവിടേക്കെത്തിയ സഹോദരൻ ജയകൃഷ്ണൻ പ്രശ്നം പരിഹരിച്ച് ഹരികൃഷ്ണനുമായി മടങ്ങി.പിന്നീട് ഇതേ സംഘം ഹരികൃഷ്ണനെയും ജയ കൃഷ്ണനെയും സഹോദരി ഭർത്താവിനെയും ആഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ച് ക്രൂരമായി മർദ്ദിക്കുകയുണ്ടായി.ഇതിനിടയിലാണ് ഹരികൃഷ്ണന് പട്ടിയേൽ കൊണ്ട് തലയ്ക്ക് അടിയേറ്റത്.ഉടൻ തന്നെ
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സംഭവത്തിൽ ശക്തികുളങ്ങര പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളിൽ ഒരാളെ പോലും അക്രമം നടന്ന് 4 ദിവസമായിട്ടും പിടികൂടിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.അൻപത് വയസിന് മുകളിൽ പ്രായമുള്ളവരാണ് പ്രതികൾ എന്നാണ് അറിയുന്നത്.അതിനിടെ യുവാവ് മരിച്ചെന്ന സൂചന ലഭിച്ചതോടെ പ്രതികൾ ഒളിവിൽ പോയതായും സൂചനയുണ്ട്.




























