വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന പോരാട്ടഭൂമിയായി കരുനാഗപ്പള്ളി മാറുന്നു. യുഡിഎഫ് ക്യാമ്പിൽ സിറ്റിംഗ് എംഎൽഎ സി.ആർ. മഹേഷ് തന്നെ വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പായതോടെ, മണ്ഡലം തിരിച്ചുപിടിക്കാൻ കരുത്തരായ യുവനേതാക്കളെ രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എൽഡിഎഫും എൻഡിഎയും.
കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളും മണ്ഡലത്തിലെ വ്യക്തിപരമായ സ്വാധീനവും മുൻനിർത്തിയാണ് സി.ആർ. മഹേഷ് വീണ്ടും മത്സരത്തിനൊരുങ്ങുന്നത്. മണ്ഡലത്തിലെ ജനങ്ങളുമായുള്ള അടുത്ത ബന്ധം തനിക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.
എൽഡിഎഫിൽ സിപിഐ സ്ഥാനാർത്ഥിയായി മുൻ AIYF സംസ്ഥാന പ്രസിഡന്റ് സജിലാലിന്റെ പേരിനാണ് മുൻഗണന. യുവജന പ്രസ്ഥാനത്തിലൂടെയുള്ള സംഘടനാ കരുത്തും രാഷ്ട്രീയ പാരമ്പര്യവും മണ്ഡലം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന് ഇടത് മുന്നണി കരുതുന്നു. മണ്ഡലത്തിലെ വോട്ടർമാർക്കിടയിലുള്ള സജിലാലിന്റെ സ്വീകാര്യത സി.ആർ. മഹേഷിന് കടുത്ത വെല്ലുവിളിയാകും.
മറുവശത്ത്, ചാനൽ ചർച്ചകളിലെ ബിജെപിയുടെ കരുത്തുറ്റ മുഖവും ബിജെപി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയുമായ വി.എസ്. ജിതിൻ ദേവിനെ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപിയിൽ ആലോചന നടക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷനിൽ പാർട്ടിയുടെ സീറ്റുകൾ മൂന്നിരട്ടിയായി വർദ്ധിപ്പിച്ച ജിതിന്റെ ‘മൈക്രോ മാനേജ്‌മെന്റ്’ തന്ത്രങ്ങൾ കരുനാഗപ്പള്ളിയിലും അത്ഭുതങ്ങൾ കാട്ടുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ.
മൂന്ന് യുവനേതാക്കൾ നേർക്കുനേർ വരാനുള്ള സാധ്യത തെളിഞ്ഞതോടെ കരുനാഗപ്പള്ളിയിൽ രാഷ്ട്രീയ ചൂട് വർദ്ധിച്ചിരിക്കുകയാണ്. സി.ആർ. മഹേഷിന്റെ ജനപ്രീതിയും, സജിലാലിന്റെ സംഘടനാ കരുത്തും, ജിതിൻ ദേവിന്റെ ചാനൽ പോരാട്ടങ്ങളിലൂടെയുള്ള താരപരിവേഷവും ഏറ്റുമുട്ടുമ്പോൾ കരുനാഗപ്പള്ളി ആർക്കൊപ്പം നിൽക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്.

































