കൊല്ലം: യുവമോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി പുകയുന്നതിനിടെ, നിലവിലുള്ള കമ്മിറ്റി പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ. ഇന്നലെ വൈകിട്ട് ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനമുണ്ടായതെന്നാണ് സൂചന. ബി.ജെ.പി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രഭാരി അജിത് കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ നടന്നത്.
അസംതൃപ്തിക്ക് പിന്നിൽ പല കാരണങ്ങൾ
ജില്ലാ കമ്മിറ്റിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളാണ് പ്രധാനമായും നടപടിയിലേക്ക് നയിച്ചതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുവമോർച്ച ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ പ്രകടനം പ്രതീക്ഷിച്ചത്ര ഫലപ്രദമായില്ല എന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്. താഴേത്തട്ടിൽ സംഘടനയെ സജീവമാക്കുന്നതിൽ വീഴ്ച പറ്റിയതായും യോഗത്തിൽ വിമർശനമുയർന്നു.
ശബ്ദരേഖാ വിവാദവും തിരിച്ചടിയായി
യുവമോർച്ച ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അഖിൽ ശാസ്താംകോട്ടയുടേതെന്ന പേരിൽ കൈരളി ഉൾപ്പെടെയുള്ള ചാനലുകളിൽ പ്രചരിച്ച ശബ്ദരേഖയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് നടപടി വേഗത്തിലാക്കാൻ കാരണമായതെന്നാണ് പറയപ്പെടുന്നത്. ഈ തെറ്റായ വാർത്ത പുറത്തുവിട്ടതിന് പിന്നിൽ സംഘടനയിലെ തന്നെ ചില നേതാക്കളാണെന്ന സംശയം നേതൃത്വത്തിനുണ്ട്. പാർട്ടിക്ക് വലിയ രീതിയിലുള്ള അപകീർത്തി ഉണ്ടാക്കാൻ ഈ സംഭവം ഇടയാക്കിയതായും വിലയിരുത്തപ്പെടുന്നു.നിലവിൽ പ്രസിഡന്റ് അഖിൽ ശാസ്താംകോട്ട, ജനറൽ സെക്രട്ടറി അനന്തു, മഹേഷ് മണികണ്ഠൻ ശാസ്താംകോട്ട എന്നിവരാണ്.കമ്മിറ്റി പിരിച്ചുവിട്ട കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും, ഉടൻ തന്നെ അഡ്‌ഹോക്ക് കമ്മിറ്റി നിലവിൽ വരുമെന്നാണ് അറിയുന്നത്. വിഭാഗീയത അവസാനിപ്പിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ നേരിടാൻ സംഘടനയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാകും പുതിയ മാറ്റങ്ങൾ.






























