തൃശ്ശൂർ. സിപിഐഎമ്മിനും സർക്കാരിനും എതിരെ വിമർശനവുമായി കേരള കാലാമണ്ഡലം കൽപിത സർവ്വകലാശാല ചാൻസിലർ മല്ലിക സാരാഭായ്. രാഷ്ട്രീയാടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയാണെന്ന് മല്ലിക സാരാഭായ്. വൈസ് ചാൻസലറും, റജിസ്ട്രാറും ഒഴികെയുള്ള ഉദ്യോഗസ്ഥർക്കോ, ജീവനക്കാർക്കോ ഇംഗ്ലിഷിൽ ഒരു ഇമെയിൽ തയാറാക്കാൻപോലും അറിയാത്ത സാഹചര്യമാണ് ഉള്ളതെന്നും മല്ലിക കാസാരാഭായ് പറയുന്നു.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരുമായുള്ള അഭിപ്രായവ്യത്യാസം ശക്‌തമായ 2022 ൽ
ഗവർണറുടെ അധികാരം എടുത്തുകളയാൻ സർക്കാർ നേരിട്ടു നിയമിച്ച ചാൻസലർ കൂടിയായ മല്ലിക സാരാഭായ് ആണ് പാർട്ടിക്കാരെ ജോലിയിൽ തിരുകിക്കയറ്റിയതിനെതിരെ തുറന്നടിച്ചത്. ഇത് സിപിഐഎമ്മിനു പുതിയ പ്രതിസന്ധി ആയിരിക്കുകയാണ്.
കലാമണ്ഡലത്തിന്റെ ചട്ടങ്ങൾ അനുസരിച്ചും യുജിസിയുമായുള്ള ധാരണ പ്രകാരവും കലാമണ്ഡലം ചാൻസലറെ നിയമിക്കാനുള്ള അധികാരം സർക്കാരിനുണ്ട്. ഈ അധികാരം വിനിയോഗിച്ചാണ് മല്ലിക സാരാഭായിയെ ചാൻസലറായി സർക്കാർ നിയമിച്ചത്.
രാഷ്ട്രീയക്കാരെ ജോലിയിൽ നിയമിക്കുന്നെങ്കിൽത്തന്നെ കാര്യക്ഷമതയുള്ളവരെ നിയമിച്ചുകൂടേ എന്നാണ് ചാൻസലർ ചോദിച്ചിരിക്കുന്നത്. കൽപിത സർവകലാശാലയായി ഉയർത്തപ്പെട്ടപ്പോൾ ക്ലാർക്കുമാർ പെട്ടെന്ന് ഉദ്യോഗസ്ഥരായി. അവർക്കു മതിയായ പരിശീലനം ലഭിച്ചില്ല. എന്നാൽ മല്ലിക സാരാഭായിയുടെ പരസ്യ വിമർശനം സർക്കാരിനും സിപിഐഎമ്മിനും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
































