പത്തനാപുരം: ഓണ്‍ലൈന്‍ ഗെയിമിംഗിന് അടിമയായ സ്‌കൂള്‍ ജീവനക്കാരന്‍ ജീവനൊടുക്കി. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് മലപ്പുറം പോത്തുകല്‍ മുതുകുളം ഈട്ടിക്കല്‍ വീട്ടില്‍ ടോണി കെ. തോമസി(27)നെയാണ് പത്തനാപുരത്തെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പാണ് ടോണി ജോലിയില്‍ പ്രവേശിച്ചത്. അമിതമായി ഓണ്‍ലൈന്‍ ഗൈയിം കളിക്കുന്ന ആളാണ് ടോണി എന്ന് പോലീസ് പറഞ്ഞു.
ഓണ്‍ലൈന്‍ ഗയിം കളിച്ച് പതിമൂന്ന് ലക്ഷത്തോളം രൂപയുടെ ബാധ്യത ഇയാള്‍ വരുത്തി വെച്ചിരുന്നു. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് യുവാവിന് ബന്ധുക്കള്‍ കൗണ്‍സിലിംങ്ങും നല്‍കിയിരുന്നു. രാവിലെ ടോണി എത്തിയാണ് പതിവായി സ്‌കൂള്‍ തുറന്നിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ സമയം കഴിഞ്ഞിട്ടും എത്താതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ ടോണിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഇയാള്‍ താമസിക്കുന്ന ഫ്‌ലാറ്റിലെത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറുപ്പും കണ്ടെത്തി.
































