തിരുവനന്തപുരം. വേതന വർദ്ധനവ് ആവശ്യപ്പെട്ട് 129 ദിവസമായി ആശ വർക്കർമാർ നടത്തുന്ന രാപകൽ സമരയാത്ര തിരുവനന്തപുരത്ത് മഹാ റാലിയോടെ സമാപിച്ചു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആദ്യ മന്ത്രിസഭായോഗത്തിൽ തീരുമാനം ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുന്നതായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാസർഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരം വരെ ആശാ സമരസമിതി നേതാവ് എം എ ബിന്ദു നയിച്ച യാത്രയാണ് സമാപിച്ചത്. അതെ സമയം കേരളത്തിലെ മുഴുവൻ ആശമാർക്കും സർക്കാർ ഇന്ന് ഓൺലൈൻ ട്രെയിനിങ് വെച്ചത് വിവാദമായി.
രാവിലെ പി എം ജി ജംഗ്ഷനിൽ നിന്ന് പ്രകടനമായി സെക്രട്ടറിയേറ്റ് പടിക്കൽ എത്തിച്ചേർന്ന റാലിയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് ആശമാർ അണിനിരന്നു…
മഹാ റാലിയായി സെക്രട്ടറിയേറ്റിനു മുന്നിൽ എത്തിയ സമരജാഥ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു..
ആശമാരുടെ പ്രശ്നം പരിഹരിക്കപ്പെടാൻ അടുത്ത തവണ യുഡിഎഫ് അധികാരത്തിൽ എത്തണമെന്ന് ആശാവർക്കർമാരുടെ നേതാവ് എസ്.മിനി
ആശമാര്‍ നിർബന്ധമായി ഓൺലൈൻ ട്രെയിനിങ്ങിൽ പങ്കെടുക്കണമെന്ന നിർദേശം സമരം പൊളിക്കാനുള്ള സർക്കാർ നീക്കമെന്നാണ് ആശമാർ ആരോപിക്കുന്നത്. സമരം ചെയ്ത ഒരു വിഭാഗം ആശാവർക്കർമാർ ഓൺലൈൻ ട്രെയിനിംഗിൽ നിന്നും വിട്ടുനിന്നു.
സമരത്തിന്റെ നാലാം ഘട്ടമായ രാപകൽ സമര യാത്ര അവസാനിച്ചെങ്കിലും സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം തുടരാനാണ് കേരള ആശാ വർക്കേഴ്സ് ഹെൽത്ത് അസോസിയേഷന്റെ തീരുമാനം