ആരാധകരുടെ ആശങ്കകള്‍ക്കും മണിക്കൂറുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാമിലേക്ക് തിരിച്ചെത്തി. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ താരത്തിന്റെ ഔദ്യോഗിക അക്കൗണ്ട് അപ്രത്യക്ഷമായത്.
274 മില്യണ്‍ ഫോളോവേഴ്സുള്ള @virat.kohli എന്ന പ്രൊഫൈല്‍ സെര്‍ച്ച് ചെയ്തവര്‍ക്കെല്ലാം ‘പേജ് ലഭ്യമല്ല’ എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ താരം അക്കൗണ്ട് സ്വയം ഡിആക്ടിവേറ്റ് ചെയ്തതാണോ അതോ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന കാര്യത്തില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു. വിരാടിന് പിന്നാലെ സഹോദരന്‍ വികാസ് കോഹ്ലിയുടെ അക്കൗണ്ടും സമാനമായ രീതിയില്‍ കാണാതായത് ദുരൂഹത വര്‍ദ്ധിപ്പിച്ചു.
വിവരമറിയാന്‍ ആരാധകര്‍ അനുഷ്‌ക ശര്‍മ്മയുടെ അക്കൗണ്ടിലേക്ക് പ്രവാഹമായെത്തിയെങ്കിലും അവിടെ നിന്നും വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ല. നിലവില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷം ലണ്ടനില്‍ വിശ്രമത്തിലാണ് താരം. ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള കോഹ്ലി കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കുമ്പോഴുണ്ടായ ഈ അപ്രതീക്ഷിത സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അക്കൗണ്ട് പുനഃസ്ഥാപിക്കപ്പെട്ടതോടെ ആശ്വാസത്തിലാണ് ക്രിക്കറ്റ് ലോകം.




























