കണക്കുകൂട്ടല്‍ തെറ്റിച്ച് ഡേവിഡ്- സ്റ്റോയിനിസ് സഖ്യം…. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 187 റണ്‍സ്‌

Advertisement

ഇന്ത്യക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ 187 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് കണ്ടെത്തി. ടിം ഡേവിഡ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്‌കോറുയര്‍ത്തിയത്.
38 പന്തില്‍ 8 ഫോറും 5 സിക്സും സഹിതം ഡേവിഡ് 74 റണ്‍സുമായി ടോപ് സ്‌കോററായി. സ്റ്റോയിനിസ് 39 പന്തില്‍ 8 ഫോറും 2 സിക്സും സഹിതം 64 റണ്‍സും അടിച്ചെടുത്തു.
15 പന്തില്‍ 2 ഫോറും ഒരു സിക്സും സഹിതം 26 റണ്‍സെടുത്ത് മാത്യു ഷോര്‍ട്ട് പുറത്താകാതെ നിന്നു. ഒപ്പം സേവ്യര്‍ ബാര്‍ട്ലെറ്റും (3). തുടക്കത്തില്‍ തന്നെ ട്രാവിസ് ഹെഡിനേയും (6), ജോഷ് ഇംഗ്ലിസിനേയും (1)അര്‍ഷ്ദീപ് സിങ് മടക്കി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
പിന്നീട് 73ല്‍ നില്‍ക്കെ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി ആതിഥേയരെ ഞെട്ടിക്കുകയും ചെയ്തു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഡേവിഡ്- സ്റ്റോയിനിസ് സഖ്യം ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 3 വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ രണ്ട് വിക്കറ്റെടുത്തു. ഒരു വിക്കറ്റ് ശിവം ദുബെ സ്വന്തമാക്കി.

Advertisement