ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ രണ്ടു വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സത്തിൽ ഏഴ് വിക്കറ്റിനും ഓസീസ് ജയിച്ചിരുന്നു. ഇതോടെ ഏകദിന പരമ്പര ഓസീസ് സ്വന്തമാക്കി. സ്കോർ: ഇന്ത്യ 264. ഓസ്ട്രോലിയ 265/8. അർധസെഞ്ചുറി നേടിയ മാത്യു ഷോർട്ടും (74) കൂപ്പർ കൊണോലിയുമാണ് (57) ഓസീസ് വിജയത്തിന് അടിത്തറ പാകിയത്. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങും ഹർഷിത് റാണയും വാഷിങ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ആറാം ഓവറിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (9) വിരാട് കോഹ്‍ലിയും (0) കൂടാരം കയറി. സേവ്യർ ബാർട്ട്ലെറ്റിന്റെ പന്തിലാണ് ഇരുവരും പുറത്തായത്. ഇതോടെ രണ്ടിന് 17 എന്ന നിലയിലായി ഇന്ത്യ. തകർച്ച മുന്നിൽ കണ്ടതോടെ പിന്നീട് കളത്തിൽ ഒന്നിച്ച രോഹിത് ശര്‍മ – ശ്രേയസ് അയ്യർ സഖ്യം ശ്രദ്ധയോടെ ബാറ്റ് വീശുകയായിരുന്നു. അർധസെഞ്ചുറി നേടിയ രോഹിത് ശർമയുടെയും (73) ശ്രേയസ് അയ്യറുടെയും (61) ഇന്നിങ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇരുവരും ചേർന്ന് 118 റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു.
30-ാം ഓവറിൽ മിച്ചൽ സ്റ്റാർക്ക് രോഹിത്തിനെ മടക്കി കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ആദം സാംപയുടെ പന്തിൽ അയ്യരും വീണു. ഒരറ്റത്ത് അക്ഷർ പട്ടേൽ റൺസ് കണ്ടെത്തിയെങ്കിലും കെ എൽ രാഹുലും (11), വാഷിങ്ടൺ സുന്ദറും (12), നിതീഷ് കുമാർ റെഡ്ഡിയും (8) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. അക്ഷർ പട്ടേൽ 41 പന്തിൽ 44 റൺസ് നേടി. അവസാന ഓവറുകളിൽ ഹർഷിത് റാണയും (പുറത്താവാതെ 24) അർഷ്ദീപ് സിങും (13) നടത്തിയ പോരാട്ടം 260 കടക്കുന്നതിനു സഹായിച്ചു.































