അഡ്‍ലെയ്ഡില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടത് 265 റണ്‍സ്. ഓപ്പണിങ് തകര്‍ന്നെങ്കിലും രോഹിതും ശ്രേയസും തുടങ്ങിയ സ്കോറിങിന് വാലറ്റം കൂടി പിന്തുണ നല്‍കിയതോടെയാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. 73 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ടോപ്പ് സ്കോര്‍.
45-ാം ഓവറില്‍ 226 ന് എട്ട് എന്ന നിലയില്‍ നിന്നാണ് ഹര്‍ഷിത് റാണയും അര്‍ഷദീപ് സിങും ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തിയത്. 47-ാം ഓവറില്‍ ആദം സാംബയെ ആദ്യ രണ്ടു പന്തുകളില്‍ ഹര്‍ഷിത് റാണ ബൗണ്ടറിയടിച്ചു. അഞ്ചാം പന്തിലെ ബൗണ്ടറിയടക്കം 16 റണ്‍സാണ് ഓവറില്‍ പിറന്നത്. 48–ാം ഓവറില്‍ സ്റ്റാര്‍ക്കിനെതിരെ നേടിയത് 10 റണ്‍സ്. ഇത്തവണ അര്‍ഷദീപിന്‍റെ രണ്ടു ഫോര്‍. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് സ്റ്റാര്‍ക്കിന് 37 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിക്കാനായത്. 13 റണ്‍സെടുത്ത അര്‍ഷദീപിനെ ബൗള്‍ഡാക്കി. ഹര്‍ഷിദ് റാണ 24 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.































