പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ പരാതി: ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെതിരെ നടപടിയുമായി ഐസിസി

Advertisement

പാകിസ്താനെതിരായ ഏഷ്യാ കപ്പ് മത്സരത്തില്‍ ഉന്നയിച്ച വിവാദ പ്രസ്താവനകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെതിരെ നടപടിയുമായി ഐസിസി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ സൂര്യകുമാര്‍ യാദവ് കുറ്റക്കാരനാണെന്ന് ഐസിസി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പാകിസ്താനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ വിജയം നേടിയശേഷം ഈ ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര സൈനികര്‍ക്കും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. ഇത് രാഷ്ട്രീയമായ പ്രസ്താവനയാണെന്ന് ആരോപിച്ചാണ് പിസിബി ഐസിസിക്ക് പരാതി നല്‍കിയത്.
സെപ്റ്റംബര്‍ 14ന് നടന്ന മത്സരശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലിനെ കുറിച്ച് പരാമര്‍ശിച്ചത് പെരുമാറ്റച്ചട്ടലംഘനമാണെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയിരിക്കുകയാണ്. സൂര്യകുമാറിനെതിരായ വിധിക്കെതിരെ ഇന്ത്യ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement