കേരള ക്രിക്കറ്റ് ലീഗില്‍ ഇന്ന് നടന്ന ഏരീസ് കൊല്ലം സെയിലേഴ്സ്- തൃശൂര്‍ ടൈറ്റന്‍സ് പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്സിന് തകര്‍പ്പന്‍ ജയം. തൃശൂര്‍ ടൈറ്റന്‍സിനെ അവര്‍ എട്ട് വിക്കറ്റിനു വീഴ്ത്തി. തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ചെത്തിയ തൃശൂരിന്റെ ആദ്യ തോല്‍വിയാണിത്.
145 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഏരീസ് കൊല്ലം 14.1 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 150 റണ്‍സെടുത്താണ് വിജയിച്ചത്. ഓപ്പണര്‍ വിഷ്ണു വിനോദ് തുടരെ രണ്ടാം പോരാട്ടത്തിലും അര്‍ധ സെഞ്ച്വറിയുമായി നിറഞ്ഞാടി.
വിഷ്ണു വെറും 38 പന്തില്‍ 8 സിക്സും 7 ഫോറും സഹിതം 86 റണ്‍സ് നേടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 28 പന്തില്‍ 32 റണ്‍സെടുത്തും സജീവന്‍ അഖില്‍ 19 റണ്‍സുമായും പുറത്താകാതെ നിന്നു. അഭിഷേക് നായര്‍ 2 റണ്‍സുമായി മടങ്ങി.
ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സിനെ കൊല്ലം 144 റണ്‍സില്‍ പുറത്താക്കി. തൃശൂരിന്റെ പോരാട്ടം 19.5 ഓവറില്‍ അവസാനിച്ചു. 38 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 41 റണ്‍സ് കണ്ടെത്തിയ ഓപ്പണര്‍ ആനന്ദ് കൃഷ്ണനാണ് ടൈറ്റന്‍സിനായി തിളങ്ങിയത്.
































