എജ്ബാസ്റ്റണില്‍ ഇന്ത്യക്ക് ഇത് പുതുചരിത്രം

31
Advertisement

എജ്ബാസ്റ്റണില്‍ ജയത്തോടെ പുതുചരിത്രമെഴുതി ശുഭ്മന്‍ ഗില്ലും സംഘവും. ഇന്ത്യയുടെ ദൗര്‍ഭാഗ്യ ഗ്രൗണ്ടെന്ന ചീത്തപ്പേരാണ് ഇംഗ്ലണ്ടിനെതിരായ കൂറ്റന്‍ ജയത്തോടെ മായുന്നത്. ഇതുവരെ നടന്ന എട്ടു മല്‍സരങ്ങളില്‍ ഏഴിലും ഇന്ത്യ തോല്‍ക്കുകയും ഒരെണ്ണം സമനിലയില്‍ അവസാനിക്കുകയുമാണ് ചെയ്തത്. ബാറ്റിങിലും ബോളിങിലും ഉശിരന്‍ പ്രകടനം പുറത്തെടുത്തതോടെ ഏജ്ബാസ്റ്റണും ഇന്ത്യ കീഴടക്കി. 
56 ടെസ്റ്റ് മല്‍സരങ്ങള്‍ക്കാണ് ഇതിന് മുന്‍പ് എജ്ബാസ്റ്റന്‍ വേദിയായിട്ടുള്ളത്. ഇതില്‍ 29 തവണയും ആദ്യം ബാറ്റ് ചെയ്തവര്‍ക്കൊപ്പമായിരുന്നു ജയം. 12 തവണ മറിച്ചും. 15 മല്‍സരങ്ങള്‍ സമനിലയിലും അവസാനിച്ചു. ധോണി നയിച്ച ഇന്ത്യന്‍ ടീമിനെതിരെ 2011 ല്‍ ഇംഗ്ലണ്ട് ഇവിടെ അടിച്ചുകൂട്ടിയത് 710/7 റണ്‍സാണ്. എജ്ബാസ്റ്റനിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതാണ്. ഏറ്റവും കുറഞ്ഞ സ്‌കോര്‍ പാക്കിസ്ഥാന്റെ പേരിലാണ്. 2010ല്‍ 72 റണ്‍സ്. എജ്ബാസ്റ്റണില്‍ ഏറ്റവും വലിയ റണ്‍ചേസ് നടത്തി ജയിച്ച ചരിത്രവും ഇംഗ്ലണ്ടിനുണ്ട്. 2022 ല്‍ ഇന്ത്യ അടിച്ചു കൂട്ടിയ 378 റണ്‍സാണ് ഇംഗ്ലണ്ട് പിന്തുടര്‍ന്ന് ജയിച്ചത്.


കൈപ്പിടിയിലൊതുക്കാമായിരുന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യ ജയത്തോടെ പരമ്പരയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ ഉയര്‍ത്തിത്. 430 റണ്‍സുമായി ക്യാപ്റ്റന്‍ ഗില്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ആകാശ് ദീപും മുഹമ്മദ് സിറാജും ഇംഗ്ലിഷ് ബാറ്റര്‍മാരെ വരിഞ്ഞുകെട്ടി. ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരില്‍ നാലുപേരെയും പുറത്താക്കിയാണ് ആകാശ് ഞെട്ടിച്ചത്. 1976 ല്‍ വിന്‍ഡീസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിങാണ് മുന്‍പ് ഒറ്റ ടെസ്റ്റ് ഇന്നിങ്‌സില്‍ ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ ആറുവിക്കറ്റും താരം നേടി. 

Advertisement