ഐപിഎല്ലിലെ നിരവധി റെക്കോഡുകൾ കണ്ട മത്സരത്തിൽ പഞ്ചാബ് കിങ്സിനെ എട്ട് വിക്കറ്റിന് കീഴടക്കിയിരിക്കുകയാണ് സൺ റൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 20 ഓവറിൽ 245/6 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, സൺ റൈസേഴ്സ് ഹൈദരാബാദ് വെറും 18.3 ഓവറുകളിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 56 പന്തിൽ 141 റൺസെടുത്ത അഭിഷേക് ശർമയുടെ ബാറ്റിങ് വിസ്ഫോടനമായിരുന്നു ഹൈദരാബാദിന്റെ വിജയം അനായാസമാക്കിയത്.
മോശം ഫോമിലായിരുന്ന ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയുടെ കിടിലൻ തിരിച്ചുവരവ് തന്നെയായിരുന്നു ഈ കളിയിലെ ഏറ്റവും വലിയ പ്രത്യേകത. ഇത്തവണ കളിച്ച ആദ്യ അഞ്ച് മത്സരങ്ങളിലും ഒരു അർധസെഞ്ചുറി പോലും നേടാൻ സാധിക്കാതിരുന്ന അഭിഷേക്, പഞ്ചാബിന് എതിരെ വെടിക്കെട്ടിന്റെ മാലപ്പടക്കം തീർക്കുകയായിരുന്നു. വെറും 40 പന്തുകളിലാണ് അദ്ദേഹം സെഞ്ചുറിയിലേക്ക് എത്തിയത്. സെഞ്ചുറി നേടിയതിന് ശേഷം പോക്കറ്റിൽ നിന്ന് ഒരു പേപ്പറെടുത്ത് ഗ്യാലറിയെ കാണിച്ചാണ് അഭിഷേക് ആഘോഷ പ്രകടനം നടത്തിയത്.
ഇതിൽ എഴുതിയത് എന്താണെന്ന് ക്യാമറക്കണ്ണുകൾ കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്തു.
‘This one is for Orange Army’, ഇത് ഓറഞ്ച് ആർമിക്ക് ഉള്ളതാണെന്നാണ് അഭിഷേക് ശർമയുടെ പോക്കറ്റിലുണ്ടായിരുന്ന പേപ്പറിൽ എഴുതിയിരുന്നത്. സൺ റൈസേഴ്സ് ഹൈദരാബാദ് ആരാധകരോടുള്ള തന്റെ സ്നേഹമാണ് ഈ ആഘോഷത്തിലൂടെ അഭിഷേക് ശർമ പ്രകടമാക്കിയത്. അഭിഷേകിന്റെ സ്പെഷ്യൽ സെഞ്ചുറി. ആഘോഷത്തിന് പിന്നാലെ അദ്ദേഹത്തിന് അരികിലെത്തിയ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ, പേപ്പർ വാങ്ങി അതിലെന്താണെന്ന് ആകാംക്ഷയിൽ നോക്കുകയും ചെയ്തു. എന്തായാലും അഭിഷേകിന്റെ സെഞ്ചുറി ആഘോഷം ക്രിക്കറ്റ് ലോകത്ത് വൈറലായിട്ടുണ്ട്.
