കൊല്ലം: പ്രമുഖ അർബുദരോഗ ചികിത്സകനും ഗവേഷകനുമായ തമിഴ്‌നാട് വെള്ളനായിപ്പട്ടി കള്ളിപ്പാളയം റോഡ് വി.പി.കെ. എൻക്ലേവ് പദ്മാലയത്തിൽ ഡോ. ആർ. ശങ്കരനാരായണൻ (73) അന്തരിച്ചു. അന്താരാഷ്ട്ര കാൻസർ ഗവേഷണ ഏജൻസിയുടെ മുൻ കാൻസർ നിയന്ത്രണ പ്രത്യേക ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. 2009–2015 കാലയളവിൽ കാൻസർ പ്രാരംഭ കണ്ടെത്തലിന്റെയും പ്രതിരോധ വിഭാഗത്തിന്റെയും തലവനായിരുന്നു അദ്ദേഹം. ‘ശങ്കർ’ എന്നറിയപ്പെട്ടിരുന്ന ഡോ. രംഗസ്വാമി ശങ്കരനാരായണൻ കാൻസർ നിയന്ത്രണത്തിൽ നേതൃപരമായ പങ്കുവഹിക്കുകയും ലോകമെമ്പാടും കാൻസർ രോഗം കുറയ്ക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനുമുള്ള മാർഗനിർദേശങ്ങളും നൽകിയിരുന്നു. കാൻസർ രോഗം തുടക്കത്തിലേ കണ്ടെത്തി പ്രതിരോധിക്കുന്നതിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചുവന്നത്. നിരവധി ആളുകൾക്ക് ചെലവുകുറഞ്ഞ ഫലപ്രദമായ കാൻസർ നിയന്ത്രണ മാർഗങ്ങൾ ലഭ്യമാക്കാൻ അദ്ദേഹം കഠിന യത്നം നടത്തിയിരുന്നു. ഗർഭാശയഗള കാൻസർ സ്ക്രീനിങ്ങിൽ നടത്തിയ ഗവേഷണം, ഹ്യൂമൻ പാപ്പിലോമ വൈറസ് ടെസ്റ്റിംഗ് വഴി ചെലവുകുറഞ്ഞ മാർഗങ്ങളിലൂടെയുള്ള പരിശോധന തുടങ്ങിയവ ആഗോള കാൻസർ നയങ്ങളിലും പ്രവര്‍ത്തന രീതികളിലും ഇദ്ദേഹം വലിയ മാറ്റം കൊണ്ടുവന്നു. റേഡിയേഷൻ ഓങ്കോളജിസ്റ്റായിരുന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ഇന്ത്യയിൽനിന്നാണ് ആരംഭിച്ചത്. കഴിഞ്ഞ 40 വർഷത്തിലധികമായി അദ്ദേഹം പൊതുജനാരോഗ്യ രംഗത്തെ കാൻസർ നിയന്ത്രണത്തിനായി പ്രവർത്തിക്കുകയായിരുന്നു. കുറഞ്ഞ വരുമാനമുള്ള അഫ്ഗാനിസ്ഥാൻ, എത്യോപ്യ മധ്യവരുമാനമുള്ള ഇന്ത്യ, നേപ്പാൾ, നൈജീരിയ, ഇൻഡോനേഷ്യ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിലെ കാൻസർ നിയന്ത്രണത്തിൽ ഇദ്ദേഹം വലിയ സ്വാധീനമാണ്ചെലുത്തിയിട്ടുള്ളത്. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ ഡെമോൺസ്ട്രേഷൻ പ്രോജക്റ്റുകൾ വഴി അദ്ദേഹം സ്ഥിരതയുള്ളതും വിപുലീകരിക്കാവുന്നതുമായ കാൻസർ നിയന്ത്രണ മാതൃകകൾ സ്ഥാപിച്ചിട്ടുണ്ട്. ആഗോള ഓങ്കോളജിയിലും കാൻസർ പ്രതിരോധത്തിലും നൽകിയ സംഭാവനകൾക്ക് നിരവധി അന്താരാഷ്ട്ര ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്. കാൻസർ ചികിത്സ, നിയന്ത്രണം എന്നിവയ്ക്കായി ആഗോളതലത്തിൽ വലിയ സംഭാവന നൽകിയ വ്യക്തികളെ ആദരിക്കുന്ന അന്തർദേശീയ ഓങ്കോളജി കാൻസർ ഗവേഷണ പുരസ്‌കാരമായ പോൾ പി കാർബോൺ അവാർഡ്, മൊറോക്കോയിൽ നിന്നും ലഭിച്ച പ്രിൻസസ് ലാല സൽമ ഇന്റർനാഷണൽ പ്രൈസ്, ഓസ്ട്രിയയിലെ എൺസ്ററ് വെർതെയിം സമ്മാനം എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. റേഡിയേഷൻ ഓങ്കോളജിയിൽ എം.ഡി.യും കരസ്ഥമാക്കിയിട്ടുണ്ട്.പിറ്റസ്ബർഗിലും കേംബ്രിഡ്‌ജിലുമായിരുന്നു പോസ്റ്റ് ഡോക്ടറൽ പരിശീലനം. മികച്ച എഴുത്തുകാരനായ ഇദ്ദേഹം 260-നു മുകളിൽ ശാസ്ത്രീയ ലേഖനങ്ങൾ എഴുതുകയും, ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര കാൻസർ ഗവേഷണ ഏജൻസി എന്നിവയുടെ നിരവധി സാങ്കേതിക റിപ്പോർട്ടുകൾക്കും മാർഗനിർദേശങ്ങൾക്കും സംഭാവന നൽകിയിട്ടുണ്ട്. ഡോ. ശങ്കറിന്റെ മാർഗനിർദേശം, സഹായം, പിന്തുണ ഉൾപ്പെടയുള്ളവ ലോകത്തൊട്ടാകെയുള്ള നിരവധി യുവ ഗവേഷകരുടെയും ആരോഗ്യപ്രവർത്തകരുടെയും ജീവിതത്തിലേക്ക് വെളിച്ചം പകർന്നിട്ടുണ്ട്
































