ലഖ്‌നൗ: ഉത്തർപ്രദേശിലെ മോർവ്വാനിൽ പ്രണയപ്പകയിൽ യുവാവിൻ്റെ കൊടും ക്രൂരത. യുവതിക്കും അമ്മയ്ക്കും നേരെ നടത്തിയ ആസിഡ് ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ യുവതിയുടെ അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെയായിരുന്നു പ്രദേശവാസികളെ നടുക്കിയ സംഭവം നടന്നത്. കാജലും അമ്മ ലീലാവതി ദേവിയും വീടിൻ്റെ ഒന്നാം നിലയിലുള്ള മുറിയിലായിരുന്നു കിടന്ന് ഉറങ്ങിയിരുന്നത്. ഇത് മനസിലാക്കിയ പ്രതി വീടിൻ്റെ മേൽക്കൂരയിലൂടെ ഈ മുറിയിലേക്ക് കടന്ന് ഇരുവരുടെയും ദേഹത്തേക്ക് ആസിഡ് ഒഴിച്ചു. പിന്നാലെ മുറിയിൽ നിന്ന് പുറത്തിറങ്ങിയ പ്രതി ഈ മുറി പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. കാജലിൻ്റെയും അമ്മയുടെയും കരച്ചിൽ കേട്ട് മുറിയിലേക്ക് എത്തിയ മറ്റ് കുടുംബാഗങ്ങൾ പൂട്ടിയിരുന്ന കതക് പൊളിച്ചാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ആദ്യം അടുത്തുള്ള പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ കൊണ്ടുപോയി പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ മെഡിക്കൽ കോളേജിലേക്ക് എത്തിയപ്പോഴേക്കും കാജലിന് ജീവൻ നഷ്ടമായി.
ഗുരുതരാവസ്ഥയിലുള്ള അമ്മ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പെൺകുട്ടിയുടെ സഹോദരൻ്റെ പരാതിയിൽ കേസെടുത്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുശിനഗർ സ്വദേശികളായ ഛോട്ടേലാൽ ഖർവാർ, അനുജ് കുശ്വാഹ എന്നിവരാണ് പിടിയിലായത്. കാജലുമായി അടുപ്പത്തിൽ ആയിരുന്നുവെന്നും പെൺകുട്ടി മറ്റൊരു വിവാഹം കഴിക്കാൻ പോകുകയാണെന്ന് അറിഞ്ഞതിൻ്റെ ദേഷ്യം മൂലമായിരുന്നു ആസിഡ് ആക്രമണമെന്നും എന്ന് ഛോട്ടേലാൽ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.































