പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ആറ് വയസുകാരനെ അമ്മയും ആൺസുഹൃത്തും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി. പുണെ ജില്ലയിലെ ഖേഡ് സ്വദേശിയായ ബാസിരൻ മെഹബൂബ് (27) ആണ് മകൻ ആവേസിനെ കൊലപ്പെടുത്തിയത്. പ്രണയബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയാണ് പ്രതികൾ കൃത്യം ചെയ്തതെന്നാണ് വിവരം. സംഭവത്തിൽ ബാസിരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സുഹൃത്ത് റാം വിനായക് കജേവാദ് നിലവിൽ ഒളിവിലാണ്.
ദീർഘനാളായി ബാസിരനും ഭർത്താവ് മഹ്ബൂബും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇവർക്ക് മൂന്ന് കുട്ടികളാണുള്ളത്. ഇതിൽ രണ്ട് മക്കൾ അച്ഛനൊപ്പവും ആവേസ് അമ്മ ബാസിരനൊപ്പവുമാണ് കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് ബാസിരൻ റാം വിനായകുമായി പ്രണയത്തിലായത്. ഈ ബന്ധത്തിന് മകൻ ഒരു തടസ്സമാകുമെന്ന് കരുതി ഇരുവരും ചേർന്ന് കുട്ടിയെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഏപ്രിൽ 4ന് രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആവേസിന്റെ തല വെള്ളം നിറഞ്ഞ ബക്കറ്റിൽ മുക്കിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. മരണം ഉറപ്പാക്കാൻ കുഞ്ഞിന്റെ തല ചുമരിൽ ഇടിപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമം.
കുട്ടിയുടെ സംസ്കാര ചടങ്ങുകൾക്കായി അച്ഛൻ മഹ്ബൂബ് എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മകന്റെ ശരീരത്തിലെ മുറിവുകളും പാടുകളും കണ്ട് സംശയം തോന്നിയ അദ്ദേഹം ഉടൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി. റിപ്പോർട്ടിൽ കുട്ടി ക്രൂരമായ മർദ്ദനത്തിന് ഇരയായെന്നും കൊലപാതകമാണെന്നും സ്ഥിരീകരിച്ചു. ബാസിരന്റെ സുഹൃത്ത് റാം ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.






























