ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവും ബാല്യകാല സുഹൃത്ത് വൻഷിക ഛദ്ദയും വിവാഹിതരായി. ഉത്തരാഖണ്ഡിലെ മസൂറിലിയിലുള്ള ദി സവോയ് ഹോട്ടലിൽ ശനിയാഴ്ച വൈകീട്ടായിരുന്നു ചടങ്ങുകൾ. വിവാഹച്ചടങ്ങളുടെ ഭാഗമായി ഒരാഴ്ചയോളമായി ഹോട്ടൽ പൂർണമായും ബുക്ക് ചെയ്തിരിക്കുകയായിരുന്നു. വെള്ളിയാഴ്ച നടന്ന മെഹന്തി, സംഗീത് ചടങ്ങുകളോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. സംഗീത് ചടങ്ങിൽ പ്രശസ്ത സൂഫി ഗായകൻ ബിസ്മിലിന്റെ സംഗീത വിരുന്നുണ്ടായിരുന്നു.
ഇന്ത്യൻ ടീമിൽ കുൽദീപിന്റെ സഹതാരങ്ങളായ തിലക് വർമ, റിങ്കു സിങ്, യുസ്‌വേന്ദ്ര ചഹൽ, മുൻ താരങ്ങളായ സുരേഷ് റെയ്ന, മുഹമ്മദ് കൈഫ്, പിയൂഷ് ചൗള, ബിസിസിഐ പ്രതിനിധികൾ എന്നിവരടക്കം ചടങ്ങിൽ പങ്കെടുത്തു. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.





























