ബെംഗളൂരു: ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടി ബിന്ദു അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കാമുകന്‍ വിനയ്, കൂട്ടാളി ധനുഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിജയലക്ഷ്മി ലേഔട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മോഹന്‍ കൃഷ്ണയാണ് മരിച്ചത്.
ഫെബ്രുവരി 18 നാണ് കൊലപാതകം നടത്തിയതെന്നും മാര്‍ച്ച് 1ന് വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ദിവസം മോഹന്‍ കൃഷ്ണയും ബിന്ദുവും പ്രതികളും ചേര്‍ന്ന് വാടക വീട്ടില്‍ ഒരു പാര്‍ട്ടി നടത്തിയിരുന്നതായും പാര്‍ട്ടിക്കിടെ മദ്യപിച്ച മോഹന്‍ കൃഷ്ണ ബിന്ദുവിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇതില്‍ പ്രകോപിതനായ വിനയ് കത്തികൊണ്ട് മോഹന്‍ കൃഷ്ണയെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
മോഹന്‍ കൃഷ്ണ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ മൂന്ന് പ്രതികളും ചേര്‍ന്ന് മോഹന്‍ കൃഷ്ണയുടെ വായിലും മൂക്കിലും സെല്ലോ ടേപ്പ് ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ പ്രതികള്‍ വീട് പൂട്ടി ഓടി രക്ഷപ്പെട്ടു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനും കോള്‍ ഡാറ്റകളും ശേഖരിച്ചാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്
മോഹന്‍ കൃഷ്ണ ഭാര്യയുമായി വേര്‍പിരിഞ്ഞ് ബിന്ദുവുമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു. രണ്ട് മാസം മുമ്പാണ് ഇരുവരും ചേര്‍ന്ന് വിജയലക്ഷ്മി ലേഔട്ടില്‍ ഒരു വീട് വാടകയ്ക്കെടുത്തതെന്നും ദമ്പതികള്‍ ഉടന്‍ തന്നെ വീട് ഒഴിയുമെന്ന് പറഞ്ഞിരുന്നെന്നും അതിനാല്‍ ഉടമസ്ഥന്‍ ഔദ്യോഗിക വാടക കരാര്‍ എഴുതിയിരുന്നില്ലയെന്നും പൊലീസ് വ്യക്തമാക്കി.
ബിന്ദു കൂട്ടുപ്രതിയായ വിനയുമായി പ്രണയത്തിലാണെന്നും വിനയ് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഹന്‍ കൃഷ്ണ തങ്ങളുടെ വിവാഹത്തിന് തടസ്സമാകുമെന്ന് ഭയന്നാണ് ഇരുവരും ചേര്‍ന്ന് ഈ കൊലപാതകം നടത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ബജ്രംഗി, പൊലീസ് ക്വാര്‍ട്ടേഴ്സ്, കാലഭൈരവ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ബിന്ദു കന്നഡ ടിവി സീരിയലുകളില്‍ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.




























