Home News National വൻതോതിൽ എണ്ണക്കള്ളക്കടത്ത് നടത്തിവന്ന അന്താരാഷ്ട്ര സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി

വൻതോതിൽ എണ്ണക്കള്ളക്കടത്ത് നടത്തിവന്ന അന്താരാഷ്ട്ര സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി

Advertisement

മുംബൈ: മുംബൈ തീരത്തിന് സമീപം വൻതോതിൽ എണ്ണക്കള്ളക്കടത്ത് നടത്തിവന്ന അന്താരാഷ്ട്ര സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. വെള്ളിയാഴ്ച മുംബൈയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് വെച്ച് നടത്തിയ സങ്കീർണ്ണമായ തിരച്ചിലിനൊടുവിലാണ് മൂന്ന് വിദേശ കപ്പലുകളെ കോസ്റ്റ് ഗാർഡ് വളഞ്ഞത്. യുദ്ധം കൊടുമ്പിരി കൊള്ളുന്ന രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ശേഖരിച്ച്, അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് വലിയ ടാങ്കറുകളിലേക്ക് മാറ്റി, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ കസ്റ്റംസ് നികുതി വെട്ടിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.


ഇന്ത്യൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ ഒരു മോട്ടോർ ടാങ്കറിൻ്റെ അസ്വാഭാവികമായ നീക്കം അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളിലൂടെ കണ്ടെത്തിയതാണ് നിർണ്ണായകമായത്. തുടർന്ന് നടത്തിയ ഡിജിറ്റൽ അന്വേഷണത്തിലും ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെയും മറ്റ് രണ്ട് കപ്പലുകളുടെ പങ്കും നിയമവിരുദ്ധ ഇടപാടിലെ വിപുലമായ ശൃംഖലയെക്കുറിച്ചും വ്യക്തമായ തെളിവുകൾ ലഭിച്ചു. പിടിയിലായ കപ്പലുകളെ കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി മുംബൈയിലെത്തിച്ച് കസ്റ്റംസിനും മറ്റ് ഏജൻസികൾക്കും കൈമാറും.