ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാ ചട്ടങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (UPSC) പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഐ.എ.എസ്, ഐ.എഫ്.എസ് എന്നീ ഉന്നത തസ്തികകളിൽ ജോലിയിൽ പ്രവേശിച്ചവർക്ക് ഇനി വീണ്ടും സിവിൽ സർവീസ് പരീക്ഷ എഴുതാൻ സാധിക്കില്ല എന്നതാണ് സുപ്രധാന മാറ്റം. പരീക്ഷയുമായി ബന്ധപ്പെട്ട് അധിക യോഗ്യത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിരിക്കുകയാണെന്നും കമ്മിഷൻ അറിയിച്ചു. നിലവിൽ മികച്ച റാങ്ക് ലഭിച്ചിട്ടും തങ്ങൾക്ക് താൽപ്പര്യമുള്ള സർവീസ് ലഭിക്കാൻ വേണ്ടി ഉദ്യോഗസ്ഥർ വീണ്ടും പരീക്ഷ എഴുതുന്ന രീതി ഇതോടെ അവസാനിക്കും.
ഐ.എ.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർക്ക് വിലക്ക്: മുൻ പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഐ.എ.എസ് അല്ലെങ്കിൽ ഐ.എഫ്.എസ് ലഭിക്കുകയും നിലവിൽ ആ സർവീസിൽ തുടരുകയും ചെയ്യുന്നവർക്ക് 2026-ലെ സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ടാവില്ല.
പരീക്ഷാ ഘട്ടത്തിനിടയിലെ നിയമനം: 2026-ലെ പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം ഒരാൾക്ക് ഐ.എ.എസ് അല്ലെങ്കിൽ ഐ.എഫ്.എസ് നിയമനം ലഭിക്കുകയാണെങ്കിൽ, പ്രിലിമിനറി പാസായാൽ പോലും അവർക്ക് മെയിൻ പരീക്ഷ എഴുതാൻ അനുവാദമുണ്ടാകില്ല.
ഫലപ്രഖ്യാപനത്തിന് മുമ്പുള്ള നിയമനം: മെയിൻ പരീക്ഷ കഴിഞ്ഞ ശേഷം, ഫലം വരുന്നതിന് മുമ്പാണ് നിയമനം ലഭിക്കുന്നതെങ്കിൽ 2026-ലെ പരീക്ഷാഫലത്തിൻ്റെ അടിസ്ഥാനത്തിൽ മറ്റൊരു സർവീസിലേക്കും ഇവർക്ക് നിയമനം നൽകില്ല.
ഐ.പി.എസ് ഉദ്യോഗസ്ഥർക്കുള്ള നിബന്ധന: നിലവിൽ ഐ.പി.എസ് ഉദ്യോഗസ്ഥരായി തുടരുന്നവർക്ക് വീണ്ടും പരീക്ഷ എഴുതാമെങ്കിലും, 2026-ലെ പരീക്ഷയിലൂടെ വീണ്ടും ഐ.പി.എസ് തന്നെ തെരഞ്ഞെടുക്കാനോ അവർക്ക് അത് അനുവദിച്ചു നൽകാനോ സാധിക്കില്ല.
ഇളവുകൾ: ഐ.പി.എസ് അല്ലെങ്കിൽ ഗ്രൂപ്പ് ‘എ’ സർവീസുകളിൽ നിയമനം ലഭിച്ചവർക്ക് ട്രെയിനിംഗിൽ നിന്ന് പ്രത്യേക അനുമതിയോടെ ഇളവ് നേടി 2027-ലെ പരീക്ഷ എഴുതാൻ സാധിക്കും. എന്നാൽ ഇത്തരത്തിൽ ട്രെയിനിംഗിൽ നിന്ന് ഒരു തവണ മാത്രമേ ഇളവ് അനുവദിക്കൂ.
അതായത് ഐപിഎസിലേക്കോ സെൻട്രൽ സർവീസ് ഗ്രൂപ്പ് ‘എ’യിലേക്കോ സിഎസ്ഇ 2026 വരെ അലോട്ട്‌മെൻ്റ് ലഭിച്ച ഉദ്യോഗാർഥികൾക്ക് ഒറ്റത്തവണ അവസരമായി സിഎസ്ഇ 2027-ൽ പങ്കെടുക്കാൻ അനുവാദമുണ്ടാകും. സർവീസിൽ നിന്ന് രാജിവയ്ക്കാത്ത പക്ഷം അത്തരം ഉദ്യോഗാർഥികൾക്ക് CSE 2028-ലോ അതിനുശേഷമുള്ള ഏതെങ്കിലും പരീക്ഷയിലോ പങ്കെടുക്കാൻ കഴിയില്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു






























