ഡെല്‍ഹി.നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിൽ, യുപിഎ കാലത്തെ ദേശീയ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം, വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണം , ഇന്ത്യയുടെ വിദേശനയം, പുതിയ യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ ഘടനാപരമായ ചർച്ചകൾ വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
വിബി–ജി റാം ജി നിയമം പിൻവലിക്കില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.ബജറ്റ് സമ്മേളനത്തിന്റെ പ്രാഥമിക ശ്രദ്ധ ബജറ്റ് തന്നെയായിരിക്കുമെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ അംഗങ്ങൾക്ക് മറ്റ് വിഷയങ്ങൾ ഉന്നയിക്കാമെന്നും സർക്കാർ അറിയിച്ചു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജെ പി നദ്ദ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവരുൾപ്പെടെ നിരവധി മുതിർന്ന മന്ത്രിമാരും ലോക്‌സഭയിലെയും രാജ്യസഭയിലെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പങ്കെടുത്തു. പാർലമെന്റിൽ സ്വീകരിക്കേണ്ട നയ സമീപനങ്ങൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയുടെ വസതിയിൽ പ്രത്യേക യോഗം ചേർന്നു.





























