രാജ്യത്ത് ഇനി മുതൽ ‘ഡയമണ്ട്’ അല്ലെങ്കിൽ ‘വജ്രം’ എന്ന പദം ഖനനം ചെയ്തെടുക്കുന്ന സ്വാഭാവിക കല്ലുകൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) തീരുമാനിച്ചു. സ്വാഭാവിക വജ്രങ്ങളും ലാബുകളിൽ നിർമ്മിക്കുന്ന വജ്രങ്ങളും (Lab-grown diamonds) തമ്മിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണ് കേന്ദ്ര സർക്കാറിന്റെ ഈ പുതിയ നീക്കം . കൃത്രിമമായി നിർമ്മിക്കുന്ന വജ്രങ്ങളെ ‘ഡയമണ്ട്’ എന്ന് വിളിക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ കാരണമാകുന്നു എന്നപരാതിയെ തുടർന്നാണ് ഈ പരിഷ്കാരം.അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസൃതമായിട്ടാണ് പുതിയ നടപടി.
ഇനി മുതൽ കൃത്രിമമായി നിർമ്മിക്കുന്ന വജ്രങ്ങളെ ‘ലാബോറട്ടറി ഗ്രോൺ ഡയമണ്ട്’ (Laboratory-grown diamond) എന്നോ ‘ലാബോറട്ടറി ക്രിയേറ്റഡ് ഡയമണ്ട്’ (Laboratory-created diamond) എന്നോ പൂർണ്ണരൂപത്തിൽ തന്നെ വിശേഷിപ്പിക്കണം. സ്വാഭാവിക വജ്രങ്ങളേക്കാൾ വില കുറഞ്ഞ ലാബ് വജ്രങ്ങൾ വിപണി കീഴടക്കുന്ന സാഹചര്യത്തിൽ, യഥാർത്ഥ വജ്രങ്ങളുടെ മൂല്യം നിലനിർത്താനാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന് കീഴിലുള്ള ബിഐഎസ് ഈ മാറ്റം കൊണ്ടുവരുന്നത്.
വജ്രവ്യാപാര രംഗത്തെ സുതാര്യത ഉറപ്പാക്കാനും കയറ്റുമതി രേഖകളിൽ കൃത്യത വരുത്താനും ഈ തീരുമാനം സഹായിക്കും എന്നാണ് നിഗമനം. വജ്രങ്ങൾ വാങ്ങുമ്പോൾ അവ സ്വാഭാവികമാണോ അതോ ലാബിൽ നിർമ്മിച്ചതാണോ എന്ന് തിരിച്ചറിയാൻ സാധാരണക്കാർക്ക് ഈ പുതിയ നടപടി കൊണ്ട് സഹായകമാകും.




























