Home News Breaking News അലമാരയ്ക്കുള്ളിൽ ശ്വാസമടക്കിപ്പിടിച്ച് മൂന്ന് കുരുന്നുകൾ, വീടിനുള്ളിൽ കണ്ടത് നടുക്കുന്ന കാഴ്ച, രക്തത്തിൽ കുളിച്ച് നാലുപേർ

അലമാരയ്ക്കുള്ളിൽ ശ്വാസമടക്കിപ്പിടിച്ച് മൂന്ന് കുരുന്നുകൾ, വീടിനുള്ളിൽ കണ്ടത് നടുക്കുന്ന കാഴ്ച, രക്തത്തിൽ കുളിച്ച് നാലുപേർ

Advertisement

അറ്റ്ലാന്‍റ: അമേരിക്കയിൽ ഭാര്യയെയും അവരുടെ മൂന്ന് ബന്ധുക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരൻ അറസ്റ്റിൽ. അറ്റ്ലാന്‍റയിലെ ബ്രൂക്ക് ഐവി കോർട്ടിലെ 1000 ബ്ലോക്കിലുള്ള വീട്ടിൽ വെച്ച് ഭാര്യ മീനു ഡോഗ്ര (43), അവരുടെ ബന്ധുക്കളായ ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരൻ വിജയ് കുമാറിനെ (51)യാണ് അറസ്റ്റ് ചെയ്തത്.

ജോർജിയയിലെ ലോറൻസ് വില്ലിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം ഉണ്ടായത്. കുടുംബ തർക്കമാണ് കൂട്ടക്കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ലോറൻസ് വില്ലിലെ ബ്രൂക്ക് ഐവി കോർട്ടിലുള്ള വീട്ടിൽ പുലർച്ചെ 2:30-ഓടെയാണ് വെടിയൊച്ച കേട്ടത്. പൊലീസ് എത്തിയപ്പോൾ വെടിയേറ്റു മരിച്ച നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

അലമാരയിൽ ഒളിച്ചിരുന്ന് മൂന്ന് കുട്ടികൾ

വെടിവയ്പ്പ് നടക്കുമ്പോൾ മൂന്ന് കുട്ടികൾ വീടിനുള്ളിൽ ഉണ്ടായിരുന്നു. പ്രാണരക്ഷാർത്ഥം ഈ കുട്ടികൾ അലമാരയ്ക്കുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇതിലൊരു കുട്ടി ധൈര്യം സംഭരിച്ച് 911-ൽ വിളിച്ച് വിവരം നൽകിയതാണ് പൊലീസിന് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്താൻ സഹായിച്ചത്. കുട്ടികൾ സുരക്ഷിതരാണെന്നും അവരെ ബന്ധുക്കൾക്കൊപ്പം വിട്ടതായും പൊലീസ് അറിയിച്ചു. പൊലീസ് നായയുടെ സഹായത്തോടെയാണ് കൊലപാതകത്തിന് ശേഷം അടുത്തുള്ള മരങ്ങൾക്കിടയില്‍ ഒളിച്ചിരുന്ന വിജയ് കുമാറിനെ കണ്ടെത്തിയത്.

വിജയ് കുമാറിനെതിരെ കൊലപാതകം, കുട്ടികൾക്കെതിരെയുള്ള ക്രൂരത ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് സംഭവത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് കോൺസുലേറ്റ് എക്സിലൂടെ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here