മുംബൈ: ഗതാഗത നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ചുമത്തിയ പിഴ അടക്കാൻ ബാക്കിയുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഹൈവേയിലൂടെ യാത്ര ചെയ്യാൻ അനുമതി ലഭിക്കില്ല. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുന്ന മോട്ടോർ വെഹിക്ക്ൾസ് നിയമ ഭേദഗതിയിലാണ് ഇങ്ങനെയൊരു ചട്ടമുള്ളത്. 1988 ലെ മോട്ടോർ വെഹിക്ക്ൾസ് നിയമമാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യുക. ടോൾ നൽകാതെയും പിഴ അടക്കാതെയും മുങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയെന്ന ലക്ഷ്യമിട്ടാണ് നിയമ ഭേദഗതി.
രാജ്യത്തെ 45,428 കിലോമീറ്റർ നീളത്തിലുള്ള ഹൈവേയിൽ യാത്ര ചെയ്യാൻ അനുമതി നൽകിയില്ലെങ്കിൽ നിയമം അനുസരിക്കാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കുമെന്നും റോഡ് സുരക്ഷ ഉറപ്പാക്കുമെന്നുമാണ് റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പ്രതീക്ഷ. ലോകത്ത് ഏറ്റവും കൂടുതൽ അപകടവും മരണവും നടക്കുന്ന ഇടമെന്ന കുപ്രസിദ്ധിയുള്ള റോഡുകളാണ് ഇന്ത്യയിലേത്. കണക്ക് പ്രകാരം അഞ്ച് ലക്ഷത്തോളം അപകടങ്ങളാണ് 2024-25 കാലയളവിൽ നടന്നത്. ഇതിൽ 1.80 ലക്ഷം പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്.



























