Home News Breaking News തെരുവു നായ പ്രശ്നം,മനേക ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

തെരുവു നായ പ്രശ്നം,മനേക ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

Advertisement

ന്യൂഡൽഹി: തെരുവുനായ്ക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളെ വിമർശിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് മനേക ഗാന്ധി കോടതി അലക്ഷ്യം നടത്തിയെന്ന് നിരീക്ഷിച്ചത്.
മനേക ഗാന്ധി കോടതിക്കെതിരെ എല്ലാവിധത്തിലുള്ള അഭിപ്രായപ്രകടനങ്ങളും നടത്തിയിട്ടുണ്ടെന്നും  കോടതിയുടെ ഔദാര്യം കാരണമാണ് അവർക്കെതിരെ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കാത്തതെന്നും ബെഞ്ച് വ്യക്തമാക്കി മുൻ കേന്ദ്രമന്ത്രി എന്ന നിലയിൽ തെരുവ് നായ പ്രശ്നം ഇല്ലാതാക്കാൻ മനേക ഗാന്ധി എന്ത് ബജറ്റ് വിഹിതമാണ് നൽകിയതെന്ന് ജസ്റ്റിസ് മേത്ത ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി തെരുവ് നായകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നടപ്പിലാക്കാത്തതിലും  കോടതി ആശങ്ക രേഖപ്പെടുത്തി. കോടതിയുടെ പരാമർശങ്ങളോട്  മനേക ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല.

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്ക് നായ കടിയേൽക്കുന്ന സംഭവങ്ങളിൽ ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്നും സംസ്ഥാനങ്ങൾ ഇതിന് വലിയ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും ജനുവരി 13-ന് കോടതി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ, കോടതി ഇന്ത്യയിലുടനീളം വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും രാജ്യത്തെ ജനങ്ങളെ വിഭജിച്ചുവെന്നും മനേക ഗാന്ധി പറഞ്ഞിരുന്നു.

Advertisement