ഡെൽഹി. 77-ാമത് റിപ്പബ്ലിക് ദിന പരേഡിന് ഒരുങ്ങി ഡെൽഹി..രാജ്യതലസ്ഥാനവും കർത്തവ്യപഥും കർശന സുരക്ഷ വലയത്തിലാണ്.ഭൈരവ് ബറ്റാലിയൻ അടക്കം ഇന്ത്യൻ സൈന്യത്തിൻ്റെ നവീന മുഖവും ശക്തിപ്രകടനവും റിപ്പബ്ലിക് ദിനത്തിൽ കർത്തവ്യപഥിലുണ്ടാകും.പ്രത്യേകം ക്ഷണിച്ച അതിഥികൾ രാജ്യത്തിൻ്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന കലാപരിപാടികൾ എന്നിവയും പരേഡിന് മാറ്റ് കൂട്ടും.
ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിന പരേഡിൽ യുദ്ധക്കളത്തിൽ സേനാവിഭാഗങ്ങൾ എങ്ങനെ വിന്യസിക്കുന്നു എന്നതിന്റെ കൃത്യമായ മാതൃക ആദ്യമായി ഇന്ത്യ പ്രദർശിപ്പിക്കും. പുതുതായി രൂപീകരിച്ച ‘ഭൈരവ്’ ലൈറ്റ് കമാൻഡോ ബറ്റാലിയനും തദ്ദേശീയമായി വികസിപ്പിച്ച വിവിധ പ്രതിരോധ സംവിധാനങ്ങളും ഇതിന്റെ ഭാഗമാകും. കര, നാവിക, വ്യോമ സേനാ വിഭാഗങ്ങൾക്കൊപ്പം വിവിധ പാരാമിലിട്ടറി വിഭാഗങ്ങളും പരേഡിൻ്റെ ഭാഗമാകും.
പ്രത്യേകം ക്ഷണിച്ച പതിനായിരം വിശിഷ്ടാതിഥികൾ ചടങ്ങിലെ മുഖ്യശ്രദ്ധാകേന്ദ്രമാകും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള ഇരിപ്പിടങ്ങൾക്ക് ഇന്ത്യൻ നദികളുടെ പേരാണ് നൽകിയിരിക്കുന്നത്. ഭീകരവാദ ഭീഷണി കണക്കിലെടുത്ത്, എഐ അടക്കമുള്ള സാങ്കേതികവിദ്യയിലധിഷ്ഠിതമായ ബഹുതല സുരക്ഷാ സംവിധാനമാണ് കർത്തവ്യപഥിലും ഡെൽഹിയിലും ഒരുക്കിയിരിക്കുന്നത്.
വന്ദേമാതരം, ആത്മനിർഭർ ഭാരത് എന്നിവയെ അടിസ്ഥാനമാക്കിയാണ് പരേഡിലെ കലാപരിപാടികൾ. സംഗീത സംവിധായകൻ എം.എം. കീരവാണി അടക്കം 2500 കലാകാരൻമാരാണ് പരിപാടികളിൽ പങ്കെടുക്കുന്നത്.. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും പരേഡിൽ മുഖ്യാതിഥികളായി പങ്കെടുക്കും.




























