ന്യൂഡൽഹി: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഗുവാഹതി- കോൽക്കത്ത റൂട്ടിലാണ് ട്രെയിൻ സർവീസ് നടത്തുക. 16 കോച്ചുകളാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലുള്ളത്. 11 ത്രീ- ടയർ എസി കോച്ചുകൾ, നാല് 2- ടയർ എസി കോച്ചുകൾ, ഒരു ഫസ്റ്റ് എസി കോച്ചുമുള്ള ട്രെയിനിൽ ആകെ 823 യാത്രക്കാർക്കു സഞ്ചരിക്കാനാകും.
സുരക്ഷാകാരണങ്ങളാൽ പരമാവധി 130 കിലോ മീറ്റർ വേഗത്തിൽ മാത്രമാകും ട്രെയിൻ ഓടുക. 180 കിലോ മീറ്റർ വേഗം വരെ കൈവരിക്കാമെങ്കിലും സ്ലീപ്പർ ട്രെയിനുകൾ 130 കിലോമീറ്റർ വേഗത്തിനപ്പുറം കടക്കില്ല. റിസർവേഷൻ എഗെയ്‌ൻസ്‌റ്റ് കാൻസലേഷൻ (ആർഎസി) സംവിധാനവും ഉണ്ടാകില്ല.
വന്ദേഭാരത് സ്ലീപ്പർ തേർഡ് എസി നിരക്ക് കിലോമീറ്ററിന് 2.4 രൂപയും സെക്കൻഡ് എസി നിരക്ക് 3.1 രൂപയും ഫസ്‌റ്റ് എസി നിരക്ക് 3.8 രൂപയുമായിരിക്കും. 400 കിലോ മീറ്റർ ദൂരം വരെയാണ് മിനിമം ചാർജ്. തേർഡ് എസിയിൽ 960 രൂപയും സെക്കൻഡ് എസിയിൽ 1240 രൂപയും ഫസ്‌റ്റ് എസിയിൽ 1520 രൂപയുമാണ് മിനിമം ചാർജ്. ആയിരം കിലോമീറ്റർ ദൂരം വരെ യഥാക്രമം 2400 രൂപ, 3100 രൂപ 3800 രൂപ എന്നിങ്ങനെയാണ് തേർഡ്– സെക്കൻഡ്– ഫസ്‌റ്റ് എസി നിരക്കുകൾ. രണ്ടായിരം കിലോമീറ്റർ ദൂരത്തിൽ നിരക്കുകൾ യഥാക്രമം 4800 രൂപ, 6200 രൂപ, 7600 രൂപ എന്നിങ്ങനെയാകും.


































