തന്റെ പക്കല്‍ നിന്നും കോടിക്കണക്കിന് രൂപയും വസ്തുവകകളും മുന്‍ ഭര്‍ത്താവ് തട്ടിയെടുത്തു എന്ന മേരി കോമിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഭര്‍ത്താവ് ഓന്‍ലര്‍ കരോംഗ് രംഗത്തെത്തി. താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും മറിച്ച് മേരി കോമിന് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് ഓന്‍ലര്‍ ആരോപിക്കുന്നത്.
പത്തു വര്‍ഷത്തിലേറെയായി തങ്ങളുടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ഓന്‍ലര്‍ പറയുന്നു. 2013ല്‍ ഒരു ജൂനിയര്‍ ബോക്‌സറുമായി മേരി കോമിന് ബന്ധമുണ്ടായിരുന്നുവെന്നും, ഇത് കുടുംബങ്ങള്‍ക്കിടയില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായെന്നും പിന്നീട് ഒത്തുതീര്‍പ്പിലെത്തുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, 2017 മുതല്‍ മേരി കോം ബോക്‌സിംഗ് അക്കാദമിയിലെ ഒരാളുമായി ബന്ധത്തിലാണെന്നും ഇതിന് തെളിവായി വാട്‌സാപ്പ് സന്ദേശങ്ങള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
‘അവര്‍ക്ക് തനിയെ താമസിക്കാനും മറ്റൊരു ബന്ധം തുടരാനും താല്പര്യമുണ്ടായിരുന്നു. ഞങ്ങള്‍ ഇപ്പോള്‍ വിവാഹമോചിതരാണ്. അവര്‍ മറ്റൊരു വിവാഹം കഴിക്കുന്നതില്‍ എനിക്ക് എതിര്‍പ്പില്ല. എന്നാല്‍ എന്നെ പരസ്യമായി കുറ്റപ്പെടുത്തരുത്. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് തെളിവ് ഹാജരാക്കണം,’ ഓന്‍ലര്‍ പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന ആരോപണത്തെയും അദ്ദേഹം പരിഹസിച്ചു. താന്‍ ഡല്‍ഹിയില്‍ ഒരു വാടകവീട്ടിലാണ് താമസിക്കുന്നതെന്നും, കോടികള്‍ മോഷ്ടിച്ചുവെന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ ഒരു സെലിബ്രിറ്റിയാണ്, എന്ത് പറഞ്ഞാലും കേള്‍ക്കാന്‍ ആളുണ്ടാകും. എന്നാല്‍ സത്യം അതല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെ സ്‌നേഹിക്കുന്നത് കൊണ്ടാണ് കോടതിയില്‍ പോയി പോരടിക്കാന്‍ നില്‍ക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

































