ഇന്ദോർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം. ഇന്ദോർ സ്വദേശിനിയായ നാൽപതുകാരിയാണ് കൊല്ലപ്പെട്ടത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നാൽപതുകാരിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് മെക്കാനിക്കായി ജോലിചെയ്യുന്ന ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാൾ കുറ്റംസമ്മതിക്കുകയായിരുന്നു. കഴിഞ്ഞ എട്ടുവർഷമായി ഭാര്യ ശാരീരികബന്ധത്തിന് സമ്മതിക്കുന്നില്ലെന്നും ഇതിൽ കുപിതനായാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നുമാണ് പ്രതിയുടെ മൊഴി.
ജനുവരി 9-ാം തീയതിയാണ് നാൽപതുകാരിയെ പ്രതി ഗവ. മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾത്തന്നെ സ്ത്രീ മരിച്ചനിലയിലായിരുന്നു. രക്തസമ്മർദം കൂടി ഭാര്യ തലയിടിച്ച് വീണെന്നായിരുന്നു ഭർത്താവ് ആശുപത്രി അധികൃതരോടും പോലീസിനോടും പറഞ്ഞത്. എന്നാൽ, പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ഇയാൾ കുറ്റംസമ്മതിച്ചത്.

































