ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ പ്ലാറ്റ് ഫോമില്‍ പ്രചരിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്ത് എക്‌സ്. എക്‌സിലെ 3,500 പോസ്റ്റുകള്‍ നീക്കം ചെയ്യുകയും 600 അക്കൗണ്ടുകള്‍ ഇല്ലാതാക്കുകയും ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി.
‘എക്സ് തെറ്റ് സമ്മതിച്ചു, ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുമെന്ന് അറിയിച്ചു. ഭാവിയില്‍ എക്സ് അശ്ലീല ചിത്രങ്ങള്‍ അനുവദിക്കില്ല’ എന്ന് ഉറപ്പ് നല്‍കിയതായും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
എക്സിലെ അശ്ലീല ഉള്ളടക്കങ്ങള്‍ തടയണം എന്നും, നടപടി സ്വീകരിച്ചത് സംബന്ധിച്ച് റിപ്പോര്‍ട്ട് 72 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കാനും ജനുവരി ആദ്യ വാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സിന് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

































