ചെന്നൈ.സെൻസർബോർഡ് സർട്ടിഫിക്കറ്റിനായുള്ള വിജയ് ചിത്രം ജനനായകന്റെ പോരാട്ടം സുപ്രീം കോടതിയിലേക്ക്.ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയ്ക്കെതിരെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു.സെൻസർ ബോർഡ് നടപടിയ്ക്കെതിരെ കമൽഹാസൻ എംപി രംഗത്തെത്തി.
സർട്ടിഫിക്കറ്റ് നൽകണമെന്ന മദ്രാസ് ഹൈക്കോടതി സിംഗീൾ ബെഞ്ച് വിധി, ഇന്നലെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തത്. കേസ് 21 ന് പരിഗണിയ്ക്കാനായി മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്. അപ്പീൽ സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു.
ഈ മാസം ഒൻപതിന് റിലീസ് ചെയ്യേണ്ട ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡ് തയ്യാറായിരുന്നില്ല. മാത്രമല്ല, ചിത്രം ഒൻപതംഗ റിവൈസിങ് കമ്മിറ്റിയ്ക്ക് വിടുകയും ചെയ്തിരുന്നു. ഇതോടെയാണ് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സന്പാദിച്ചത്. എന്നാൽ, മറുപടി നൽകാൻ സമയം അനുവദിച്ചില്ലെന്ന സെൻസർ ബോർഡിന്റെ വാദം അംഗീകരിച്ച്, സിംഗിൾ ബെഞ്ച് വിധി, ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.
അതിനിടെ, സെൻസർ ബോർഡ് നടപടിയ്ക്കെതിരെ നടനും എംപിയുമായ കമൽഹാസൻ രംഗത്തെത്തി. സർട്ടിഫിക്കേഷൻ നടപടികളിൽ സമൂലമായ മാറ്റം വേണം. സർട്ടിഫിക്കേഷന് കൃത്യമായ സമയപരിധി നിശ്ചയിക്കണം. റിവ്യൂ സുതാര്യമായിരിക്കണം. മാറ്റങ്ങൾക്കായി ഒരുമിച്ച് ശബ്ദമുയർത്തേണ്ട സമയമാണെന്നും കമൽഹാസൻ പ്രസ്‌താവനയിൽ പറഞ്ഞു.





































