അയോധ്യ രാമക്ഷേത്രത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമം; കശ്മീർ സ്വദേശി കസ്റ്റഡിയിൽ, ഇന്‍റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചു

Advertisement

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കശ്മീർ സ്വദേശിയായ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച നടന്ന സംഭവത്തെത്തുടർന്ന് അതീവ സുരക്ഷാ മേഖലയായ ക്ഷേത്ര പരിസരത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് (55) എന്നയാളാണ് പിടിയിലായതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച ഇയാൾ ‘സീതാ രസോയ്’ ഭാഗത്ത് ഇരുന്നുകൊണ്ട് നിസ്കരിക്കാൻ ഒരുങ്ങിയെന്നാണ് ആരോപണങ്ങൾ

ഇയാളുടെ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെടുകയും ഇയാളെ തടയുകയും ചെയ്തു. തുടർന്ന് ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി പ്രാദേശിക പൊലീസിന് കൈമാറി. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞപ്പോൾ ഇയാൾ മുദ്രാവാക്യം വിളിച്ചതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അധികൃതർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇയാളുടെ അയോധ്യ സന്ദർശനത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് ഇന്‍റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചു. താൻ അജ്മീറിലേക്ക് പോകുകയായിരുന്നുവെന്നാണ് ഇയാൾ പ്രാഥമികമായി മൊഴി നൽകിയിരിക്കുന്നത്. ഇയാളുടെ പക്കൽ നിന്നും കശുവണ്ടിയും ഉണക്കമുന്തിരിയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മകരസംക്രാന്തി ആഘോഷങ്ങളും രാമക്ഷേത്ര പ്രതിഷ്ഠയുടെ രണ്ടാം വാർഷികവും (ജനുവരി 22) അടുത്തിരിക്കെ നടന്ന ഈ സംഭവം ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്. സംഭവത്തെത്തുടർന്ന് ക്ഷേത്ര പരിസരത്തെ സുരക്ഷാ ക്രമീകരണങ്ങൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വീണ്ടും വിലയിരുത്തി. അയോധ്യ ഭരണകൂടമോ രാമക്ഷേത്ര ട്രസ്റ്റോ സംഭവത്തിൽ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here