Advertisement
ബെംഗളൂരു: വിവാഹം നടത്താത്തതിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കർണാടകത്തിലെ ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം.
കർഷകനായ സന്നനിഗപ്പയെയാണ് (65) മകൻ നിംഗരാജ (36) കൊലപ്പെടുത്തിയത്. രാത്രിയിൽ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയിൽ കമ്പികൊണ്ട് അടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിംഗരാജ ജോലിയൊന്നും ചെയ്യാതെ അലസനായി ജീവിക്കുന്നതിനെ സന്നനിഗപ്പ ചോദ്യംചെയ്തിരുന്നു. കൃഷിപ്പണി ചെയ്യാൻ നിർബന്ധിച്ചിരുന്നെങ്കിലും നിംഗരാജ തയ്യാറായില്ല. ഇതേസമയം, പ്രായമായിട്ടും തനിക്കുവേണ്ടി വിവാഹാലോചന നടത്താൻ തയ്യാറാകാത്തതിന്റെ പേരിൽ നിംഗരാജ അച്ഛനുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൊലപാതകത്തിന് തൊട്ടുമുൻദിവസങ്ങളിലും ഈ വിഷയത്തിൽ നിംഗരാജ വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു.































