ഡൽഹി. തുർക്ക് മാൻ ഗേറ്റിന് സമീപത്തെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ ആറുപേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം 11 ആയി. പോലീസിന് നേരെ കല്ലേറ് നടത്തിയവരിൽ 30 പേരെ തിരിച്ചറിഞ്ഞു.പോലീസ് സുരക്ഷയിൽ പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റുന്നതിനിടയായിരുന്നു പോലീസിൽ നേരെ കല്ലേർ ഉണ്ടായത്. സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച പോലീസ് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പിന്നിലെ 30 പേരെ സിസിടിവികളിൽ നിന്നും പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നും ഡൽഹി പോലീസ് തിരിച്ചറിഞ്ഞു. ഇവരെ പിടികൂടാനായി വിവിധ ഇടങ്ങളിൽ പരിശോധന നടക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി സമാജ്വാദി പാർട്ടി എംപി മൊഹിബ്ബുള്ള നദ്‌വിക്ക് ഡൽഹി പോലീസ് സമൻസ് അയക്കാൻ ഒരുങ്ങുകയാണ്. സംഘർഷം നടക്കുമ്പോൾ എംപി നദ്വി സ്ഥലത്തുണ്ടായിരുന്നതെന്നും അവിടെനിന്ന് പിന്മാറാൻ പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും അതനുസരിച്ചില്ലെന്നും ഡൽഹി പോലീസ് ആരോപിച്ചു. ഇതിനിടെ കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സമൻസ് അയക്കുന്നത് എന്ന് അധികൃതര്‍ പറയുന്നു.നിലവിൽ ഈ മേഖലയിലെ അനധികൃത പൊളിക്കൽ നടപടികൾ പുരോഗമിക്കുകയാണ്.പൊളിക്കൽ നടപടികൾക്കെതിരെ സയിദ് ഫയിസ് ഇലാഹി മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതി നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് പൊളിക്കൽ നടപടികൾ ഉണ്ടായതെന്നാണ് മസ്ജിദ് കമ്മിറ്റി ആരോപിക്കുന്നത്.






























