പുതു വർഷത്തെ വളരെ പ്രതീക്ഷയോട് കൂടിയാണ് എല്ലാവരും വരവേറ്റിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകൾക്ക് ആശംസകൾ നേർന്നുകൊണ്ട് ഗൂഗിൾ തങ്ങളുടെ സവിശേഷമായ ഡൂഡിലും പുറത്തിറക്കിയിട്ടുണ്ട്. പുതുമയും കൗതുകവും നിറഞ്ഞതാണ് ഈ ഡൂഡിൽ. “പുത്തൻ തുടക്കങ്ങൾക്കും ശാന്തമായ ശുഭപ്രതീക്ഷകൾക്കും” (Fresh beginnings and quiet optimism) ഊന്നൽ നൽകിക്കൊണ്ടാണ് ഇത്തവണത്തെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. ഇത്തവണത്തെ ഡൂഡിലിൽ ഉള്ളത് എന്താണെന്ന് നോക്കിയാലോ ?
2026 എന്ന് എഴുതിയ ഒരു നോട്ട്ബുക്ക്, പേന, ഒരു കപ്പ് കാപ്പി എന്നിവ അടങ്ങിയ ശാന്തമായ ഒരു ദൃശ്യത്തോടെയാണ് ഈ ആനിമേറ്റഡ് ഡൂഡിൽ ആരംഭിക്കുന്നത്. തുടർന്ന് ‘Google’ എന്നതിലെ ആദ്യത്തെ ‘O’ എന്ന അക്ഷരം വിവിധ ലക്ഷ്യങ്ങളെ സൂചിപ്പിക്കുന്ന രൂപങ്ങളിലേക്ക് മാറുന്നു. ശാരീരികക്ഷമതയ്ക്കായി ഡംബെൽ (Dumbbell), സർഗ്ഗാത്മകതയ്ക്കായി നൂൽ (Yarn), ആരോഗ്യകരമായ ഭക്ഷണരീതിയെ സൂചിപ്പിക്കുന്ന ഷെഫ് തൊപ്പിയും സാലഡും, സ്നേഹവും ഊഷ്മളതയും പ്രകടിപ്പിക്കുന്ന ഹൃദയചിഹ്നമുള്ള കാപ്പി ഗ്ലാസ് എന്നിവയായി ഇത് മാറുന്നത് കാണാം.
‘യൂണിവേഴ്സൽ പോസ് ബട്ടൺ’ പുതുവർഷത്തെ ഒരു “യൂണിവേഴ്സൽ പോസ് ബട്ടൺ” (Universal Pause Button) ആയാണ് ഗൂഗിൾ വിശേഷിപ്പിക്കുന്നത്. ജീവിതത്തിൽ പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും, പഴയ കാര്യങ്ങൾ വിലയിരുത്തി ഒരു പുത്തൻ തുടക്കം കുറിക്കാനുമുള്ള അവസരമാണിതെന്ന് ഗൂഗിൾ തങ്ങളുടെ സന്ദേശത്തിൽ വ്യക്തമാക്കുന്നു. വെള്ളി നിറത്തിലുള്ള ബലൂണുകളും ആഘോഷങ്ങളും നിറഞ്ഞ 2025-ലെ പുതുവർഷ തലേന്നത്തെ (New Year’s Eve) ഡൂഡിലിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ കൂടുതൽ അർത്ഥവത്തായ ഒരു ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. ഈ പുതുവർഷം ഒരു പുതിയ തുടക്കത്തിനുള്ള അവസരമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഗൂഗിൾ ഈ ഡൂഡിലിലൂടെ ചെയ്യുന്നത്.

































