വൈക്കോൽ കയറ്റിയ ലോറി എസ്‌യുവിക്ക് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ രാംപൂരില്‍ ആണ് സംഭവം. വൈദ്യുതി വകുപ്പിലെ സബ് ഡിവിഷണൽ ഓഫീസറുടെ (SDO) വാഹനത്തിന് മുകളിലേക്കാണ് ട്രക്ക് മറിഞ്ഞത്. ഞായറാഴ്ച നൈനിറ്റാൾ റോഡിലെ പഹാഡി ഗേറ്റ് ജംഗ്ഷനും ലോക്കൽ പവർ ഹൗസിനും സമീപമാണ് അപകടം നടന്നത്.
ബിലാസ്പൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ട്രക്ക്. മുന്‍വശത്തുണ്ടായിരുന്ന എസ്‌യുവി എതിര്‍വശത്തെ റോഡിലേക്ക് തിരിയുന്നത് കണ്ട് ട്രക്ക് ഒരു വശത്തേക്ക് മാറ്റാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ടു. റോഡ് ഡിവൈഡറിൽ തട്ടി ട്രക്ക് എസ്‌യുവിക്ക് മുകളിലേക്ക് മറിഞ്ഞു. ട്രക്കിനടിയിൽപ്പെട്ട് എസ്‌യുവി പൂർണ്ണമായും തകർന്നു. ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
പൊലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചാണ് ട്രക്ക് മാറ്റിയത്. തകർന്നുകിടന്ന എസ്‌യുവി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
































