23-കാരിയായ ഷൂട്ടിംഗ് താരം കൂട്ടബലാത്സംഗത്തിനിരയായി

Advertisement

ഹരിയാനയിലെ ഫരീദാബാദിൽ 23-കാരിയായ ഷൂട്ടിംഗ് താരം കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സതേന്ദ്ര, ഗൗരവ് എന്നിവരും യുവതിയുടെ സുഹൃത്തുമാണ് പൊലീസിന്റെ പിടിയിലായത്. ഒരു മത്സരത്തിൽ പങ്കെടുക്കാനായി ചൊവ്വാഴ്ചയാണ് ഷൂട്ടറായ യുവതി തന്റെ സുഹൃത്തിനൊപ്പം ഫരീദാബാദിലെത്തിയത്.


ബുധനാഴ്ച വൈകുന്നേരം മത്സരം അവസാനിച്ചതിന് ശേഷം, മെട്രോ സ്റ്റേഷനിൽ വിടാനായി യുവതിയുടെ സുഹൃത്ത് തന്റെ പരിചയക്കാരനായ ഗൗരവിനെ വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്ത് വിളിച്ചതനുസരിച്ച് ഗൗരവ് തന്റെ സുഹൃത്തായ സതേന്ദ്രക്കൊപ്പമാണ് സ്ഥലത്തെത്തിയത്. അന്ന് രാത്രി ഫരീദാബാദിൽ തന്നെ തങ്ങാനും അടുത്ത ദിവസം മടങ്ങാനും അവർ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഹോട്ടലിൽ രണ്ട് മുറികൾ ബുക്ക് ചെയ്യുകയും ഒരു മുറിയിലിരുന്ന് ഇവർ പാർട്ടിയാഘോഷിക്കുകയും ചെയ്തു.


രാത്രി ഒമ്പത് മണിയോടെ സാധനങ്ങൾ വാങ്ങാനെന്നു പറഞ്ഞ് പെൺകുട്ടിയുടെ സുഹൃത്തും ഗൗരവും താഴേക്ക് പോയി. ഈ സമയത്ത് മുറിയിൽ തനിച്ചായ പെൺകുട്ടിയെ സതേന്ദ്ര ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സുഹൃത്ത് തിരികെ വന്നപ്പോൾ പെൺകുട്ടി ഇവരോട് കാര്യങ്ങൾ പറഞ്ഞു. തുടർന്ന് തന്ത്രപൂർവ്വം പ്രതികളെ മുറിക്കുള്ളിൽ പൂട്ടിയിട്ട പെൺകുട്ടി, മറ്റൊരു സുഹൃത്തിനെ വിവരമറിയിക്കുകയും ഉടൻ തന്നെ പോലീസിനെ സമീപിക്കുകയുമായിരുന്നു.


വിവരമറിഞ്ഞ് ഹോട്ടലിലെത്തിയ പോലീസ് സംഘം മുറിക്കുള്ളിൽ കുടുങ്ങിയ പ്രതികളെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് കുമാർ അറിയിച്ചു. സുഹൃത്ത് മനഃപൂർവ്വം പ്രതിക്ക് പീഡനത്തിന് അവസരമൊരുക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here