മുംബൈ. ഒരു കോടി രൂപയുടെ ഇൻഷുറൻസ് തട്ടാൻ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം നടത്തിയ ആൾ മഹാരാഷ്ട്രയിൽ പിടിയിൽ.താൻ മരിച്ചതെന്ന് എല്ലാവരെയും വിശ്വസിപ്പിക്കാൻ മറ്റൊരാളെ കാറിലിട്ട് കത്തിച്ച് കൊല്ലുകയായിരുന്നു. എന്നാൽ മറ്റൊരു നമ്പറിൽ നിന്ന് കാമുകിയെ ഇയാൾ ബന്ധപ്പെട്ടതോടെയാണ് നാടകം പൊളിഞ്ഞത്.
ലാത്തൂർ സ്വദേശിയായ ഗണേഷ് ചവാനാണ് സുകുമാരക്കുറിപ്പ് മോഡൽ കൊലപാതകം നടത്തി ഇൻഷുറൻസ് തുക തട്ടാൻ നോക്കിയത്. പക്ഷെ 24 മണിക്കൂറിനുള്ളിൽ പദ്ധതിയെല്ലാം പൊലീസ് പൊളിച്ചു. ഞായറാഴ്ച പുലർച്ചെയാണ് ഒരു കാർ കത്തിയമർന്നെന്നും അതിനുള്ളിൽ മൃതദേഹം ഉണ്ടെന്നും പൊലീസിന് വിവരം ലഭിക്കുന്നത്. കാറുടമയെ കണ്ടെത്തി. കാർ തൻറെ ഭാര്യാ സഹോദരൻ ഗണേഷ് ചവാന് നൽകിയതാണെന്ന് മൊഴി നൽകി. മൃതദേഹത്തിൽ കണ്ട കൈവള ഗണേഷിൻറെ എന്ന് ബന്ധുക്കളും തിരിച്ചറിഞ്ഞു. പൊലീസിൻറെ തുടരന്വേഷണത്തിൽ ഗണേശിന് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. ഈ സ്ത്രീയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഗണേഷ് മരിച്ചിട്ടില്ലെന്നും മറ്റൊരു നമ്പറിൽ കാമുകിയുമായി സംസാരിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞു. സിന്ധുദുർഗിൽ നിന്ന് പ്രതി പിടിയിലുമായി. സംഭവ ദിവസം രാത്രി ലിഫ്റ്റ് ചോദിച്ചെത്തിയ മദ്യപനെയാണ് കൊന്നതെന്ന് പ്രതി മൊഴി നൽകി. അർധ ബോധാവസ്ഥയിലായ ഗോവിന്ദ് യാദവ് എന്നയാളെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തിയ ശേഷമാണ് തീകൊളുത്തിയത്. താനാണെന്ന് വരുത്തി തീർക്കാനാണ് കൈവള കാറിലിട്ടത്. ഭവന വായ്പ അടക്കം ബാധ്യതകൾ പ്രതിക്കുണ്ട്.. സാമ്പത്തിക പ്രശ്നം മറികടക്കാനാണ് ഇൻഷുറൻസ് തട്ടാനായി പദ്ധതിയിട്ടത്.
Home News Breaking News സുകുമാരകുറുപ്പ് മോഡൽ;ഒരു കോടി രൂപയുടെ ഇൻഷുറൻസ് തട്ടാൻ കൊലപാതകം നടത്തിയ ആൾ മഹാരാഷ്ട്രയിൽ പിടിയിൽ






































